സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ ഗായിക സയനോര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഭാവന, രമ്യ നമ്പീശന്, ശില്പ ബാല, സയനോര, മൃദുല മുരളി എന്നിവര്‍ക്കൊപ്പം ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് സയനോര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഇതിനുപിന്നാലെ വസ്ത്രധാരണത്തിന്റെ പേരില്‍ സയനോരയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ വിമര്‍ശിച്ച് രംഗത്തെത്തിയത്. കുറേ പേര് പിന്തുണ അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ സയനോരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
നൃത്തം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സയനോരയ്ക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. സയനോര തന്നെ പാടിയ പാട്ടിനാണ് ഹരീഷ് പേരടി നൃത്തം ചെയ്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
‘ഇത് ഗായിക സയനോരയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ്.ഒരു പെണ്‍കുട്ടി എന്ത് വേഷമിടണമെന്ന് അവളാണ് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികള്ക്കുമെതിരെയാണ് ഈ നൃത്തം.സയനോരയ്ക്ക് ഐക്യദാര്‍ഢ്യം’ -ഹരീഷ് പേരടി പറഞ്ഞു.