സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍ ദിനംപ്രതി കൂടിവരികയാണ്. നിരവധി പേരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ സഹപ്രവര്ത്തകന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന് അനീഷ് രവി.
ആര്‍ട്ട് ഡയറക്ടറായ അനിലാണ് ചതിയില്‍പ്പെട്ടത്. അറിയാത്ത ഒരു നമ്പരില്‍ നിന്ന് അനിലിന് വീഡിയോ കോള്‍ വരികയായിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ ഒരു യുവതി സംസാരിച്ചു. പിന്നാലെ അവര്‍ ഡ്രസഴിച്ചു. ഫോണ്‍ കട്ട് ചെയ്തതിന് പിന്നാലെ അനിലിന്റെ എഡിറ്റ് ചെയ്ത വീഡിയോ അയച്ച് പണം ആവശ്യപ്പെട്ടിരിക്കുകയാണ് തട്ടിപ്പ് സംഘം.
അനീഷ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അനീഷിന്റെ വാക്കുകള്‍
‘പെട്ടെന്നൊരു ലൈവിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഞാന്‍ വന്നത്. ഞാനിപ്പോള്‍ നമ്മുടെ അളിയന്‍സിന്റെ ലൊക്കേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ കൂട്ടത്തിലൊരാള്‍ക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അണ്‍നോണ്‍ നമ്പരില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുക എന്നുള്ളത് പറയാനാണ് ഞാന്‍ വന്നത്. നമുക്ക് തീര്‍ത്തും പരിചയമില്ലാത്ത ഒരാളുടെ വീഡിയോ കോള്‍ വന്നാല്‍ എന്തിനാണ് നമ്മള് എടുക്കുന്നത്.
അങ്ങനെ എടുത്താല്‍ ഒരുപാട് അബദ്ധം പറ്റും. ഇപ്പോള്‍ പ്രിയപ്പെട്ട അനില്‍ എന്റെ കൂടെയുണ്ട്. അനില്‍ ആര്‍ട്ട് ഡയറക്ടറാണ്. അനിലിന് ഒരു വീഡിയോ കോള്‍ വരികയാണ് ആദ്യം ചെയ്തത്. അറ്റന്‍ഡ് ചെയ്തപ്പോള്‍ ഒരു പെണ്‍കുട്ടി നിന്ന് സംസാരിക്കുന്നു. സംസാരത്തിനിടയ്ക്ക് അവര്‍ അവരുടെ ഡ്രസൊക്കെ മാറ്റുകയാണ്.
അപ്പോഴേക്ക് അനില്‍ ഫോണ്‍ കട്ട് ചെയ്തു. പക്ഷേ പിന്നീട് അവര്‍ എഡിറ്റ് ചെയ്ത വീഡിയോ തിരിച്ചയച്ചു. അനിലിന്റെ മറ്റൊരു രീതിയിലുള്ള ഫോട്ടോ മിക്സ് ചെയ്തത്. അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുകയാണ്. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ 11,500 രൂപ കൊടുക്കണമെന്നാണ് പറയുന്നത്. ഇത് പറയാന്‍ കാരണം ഇത്തരത്തിലുള്ള വീഡിയോ കോള്‍ വരുന്ന സമയത്ത് ഒരു കാരണവശാലും എടുക്കാതിരിക്കുക. ‘- അനീഷ് പറഞ്ഞു.