വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്ക്കും ഉണ്ടാവേണ്ടതെന്ന് നടി സ്വാസിക. താന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സീരിസിനെക്കുറിച്ച് സംസാരിക്കവെയാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്. ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷമാണ് നടി സ്വാസിക ചെയ്യുന്നത്.
സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്. സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു. സീരീസ് പറയുന്നത് സമൂഹത്തില്‍ കണ്ട് വരുന്ന ടോക്സ് ബന്ധങ്ങളെ കുറിച്ചാണ്. കേരളത്തില്‍ കഴിഞ്ഞ മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത സ്ത്രീധന മരണങ്ങളും സീരീസിന് ഉദാഹരണമാണ്.
ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് സ്വാസിക പറയുന്നു. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ടെന്ന് സ്വാസിക കൂട്ടിച്ചേര്‍ത്തു.
അത് സമൂഹത്തെ പേടിച്ചിട്ടാണ്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്ക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക അഭിപ്രായപ്പെട്ടു. ‘സാധാരണ എനിക്ക് എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാല്‍ അത് സംസാരിച്ച് തീര്‍ക്കാനാണ് ഞാന്‍ ശ്രമിക്കാറ്. എന്നാല്‍ പ്രശ്നം നമുക്ക് സഹിക്കാവുന്നതിലും അപ്പുറമാണെങ്കില്‍ ആത്മഹത്യയല്ല പോംവഴി എന്ന് ചിന്തിക്കേണ്ടതുണ്ട്. അപ്പോള്‍ നമ്മള് വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണുകയാണ് വേണ്ടത്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നത്.’- സ്വാസിക പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു താരത്തിന്റെ പ്രതികരണം. സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത് ഭതൃഗൃഹത്തില്‍ പീഡനം അനുഭവിക്കാനല്ല. അത് കൊണ്ട് സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കാന്‍ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും നിരാശയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും വളരെ അടുത്ത് ജീവിക്കുന്നവര്‍ തമ്മിലുള്ള സ്നേഹ ബന്ധവും ഒരു പക്ഷെ അവസാനിക്കാമെന്ന് മനസിലാക്കണമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.