ഉപജീവനത്തിനായി പഠനത്തിനൊപ്പം തെരുവില്‍ മീന്‍ വില്പനക്കിറങ്ങിയ പെണ്‍കുട്ടിയാണ് ഹനാന്. കോളജ് യൂണിഫോമില്‍ മീന്വില്ക്കുന്ന ഹനാന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഞൊടിയിടയിലാണ് അന്ന് വൈറലായത്. ഇതിന് പിന്നാലെ ഹനാനെ തേടി നിരവധി സഹായങ്ങളെത്തി.
എന്നാല്‍ അതിനു ശേഷം വലിയൊരു സൈബര്‍ അറ്റാക്കാണ് ഹനാന് നേരിട്ടത്. അവള്‍ക്കു നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നു ഹനാന്. ഇതിന് ശേഷം ഹനാനെ പിന്നീട് അധികം ആരും കണ്ടില്ല.
വാഹനാപകടത്തെത്തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു ഹനാന്. നട്ടെല്ലിനാണ് പരുക്ക് പറ്റിയത്. ഇപ്പോള്‍ സംഗീതത്തില്‍ ബിരുദവിദ്യാര്‍ഥിയാണ് അവള്. കെമിസ്ട്രിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹനാന് ബി.എ. മ്യൂസിക് തിരഞ്ഞെടുത്തു പഠനം ആരംഭിച്ചത്.
സംഗീതം ഏറെ ഇഷ്ടമായതുകൊണ്ടാണ് ആ വഴി തിരഞ്ഞെടുത്തതെന്നു ഹനാന് തന്നെ പറയുന്നു. മനോരമ ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ഹനാന് ഇക്കാര്യം തുറന്നുപറഞ്ഞത്. ‘സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാനാണ് ആഗ്രഹം. നേരത്തെ ചെന്നൈയിലെ എ.ആര് റഹ്മാന്റെ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ശനിയും ഞായറുമുള്ള ക്ലാസുകള്‍ക്കായിരുന്നു പോയിരുന്നത്.
ട്രെയിനിലായിരുന്നു യാത്ര. തിങ്കളാഴ്ച മടങ്ങും. എന്നാല്‍ ഈ പഠനം മാത്രം പോരെന്നു തോന്നി. അതുകൊണ്ടാണ് മ്യൂസിക് കോഴ്സിനു ചേര്‍ന്നത്. വാഹനാപകടത്തെത്തുടര്‍ന്ന് ഒരു വര്‍ഷം നഷ്ടമായി. ഇപ്പോള്‍ ആരോഗ്യസ്ഥിതി മോശമാണ്. നട്ടെല്ലിന്റെ മധ്യഭാഗത്താണ് പരുക്ക്. സംഗീതക്ലാസിനു പോകുമ്പോള്‍ തബല എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സംഗീത സംവിധായകന് അരുണ്‍ ഗോപി സര് സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടൊന്നും തുടങ്ങിക്കണ്ടില്ല. അതുകൊണ്ടായിരിക്കാം വിളിക്കാത്തത്. ഗാനരചനയിലാണു താല്പര്യം. ഞാനെഴുതിയ പാട്ട് സിനിമയില്‍ വരിക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അഭിനയിക്കാനും ഇഷ്ടമാണ്’, ഹനാന് പറഞ്ഞു.