ഒത്തിരി ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമാതാരമാണ് ഖുശ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ, രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ ഖുശ്ബു തന്റെ വിശേഷങ്ങളും പുത്തന്‍ ഫോട്ടോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇടയ്ക്കിടെ സൗന്ദര്യസംരക്ഷണ ടിപ്സും ഖുശ്ബു ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കരുത്തുറ്റ തലമുടിയുടെ പരിപാലനം എങ്ങനെയാണെന്ന് പറയുകയാണ് ഖുശ്ബു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഹെയര്‍ പാക്ക് പരിചയപ്പെടുത്തുന്നത്.
ഉലുവ, ചെമ്പരത്തി പൂവും തളിരിലകളും, തൈര്, മുട്ട, ലാവെണ്ടര്‍ ഓയില്‍ എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാന്‍ വേണ്ട വസ്തുക്കള്‍. ആദ്യം ഉലുവ തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കാം.
അതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടര്‍ ഓയിലും കൂടി ചേര്‍ക്കുക. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു നല്ല ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. കണ്ടിഷനറും ഉപയോഗിക്കാം. ഖുശ്ബുവിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്.