മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്ബോസ്. നിരവധി ആരാധകരാണ് ബിഗ്ബോസിനുള്ളത്. ഒന്നും രണ്ടും സീസണുകള്‍ പിന്നിട്ട് മൂന്നാമത്തേതില്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. കോവിഡ് കാരണം രണ്ടാം സീസണ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് പോലെ ഇപ്പോള്‍ മൂന്നാം സീസണും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇത് ആരാധകരെ ആശങ്കയിലാഴ്ത്തി. ആരാധകര്‍ എപ്പോഴും ശ്രദ്ധിക്കുന്നത് മത്സരാര്‍ത്ഥികളെ കുറിച്ചാണ്. രസകരമായ മത്സരങ്ങളിലൂടെ അവര്‍ എങ്ങനെ കടന്നു പോകുന്നുവെന്ന് ആസ്വദിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഇത്രയും പ്രേക്ഷക പ്രീതിയുള്ള റിയാലിറ്റി ഷോയുടെ പിന്നണിയെ കുറിച്ച് ചിന്തിക്കുന്നവര്‍ വളരെ വിരളമായിരിക്കും.
ഫൈസല്‍ റാസി എന്ന മലയാളിയാണ് ബിഗ് ബോസ് മലയാളത്തിന്റെ സൂത്രധാരന്‍. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അമരക്കാരനായ ഒരു സാധാരണക്കാരനായ വ്യക്തി, ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച പരസ്യ ചിത്രത്തിനുള്ള ക്യുരിയസ് അവാര്‍ഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ്.
സിനിമയെന്ന മാധ്യമത്തിനോടുള്ള പ്രണയമായിരുന്നു ഫൈസല്‍ റാസി എന്ന കലാകാരനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്. മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്,എലൈറ്റ് ഫുഡ്സ്, മഹീന്ദ്ര, ചീനവല,ജോസ്കോ,പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങളിലൂടെ ഫൈസല്‍ നിറങ്ങള്‍ നല്‍കിയത് പുതുമകള്‍ക്ക് ആയിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യ ഷോകളില്‍ മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ഫൈസല്‍ ചുക്കാന്‍ പിടിച്ചത്. എവിക്ഷന് റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഫൈസലായിരുന്നു. എന്നാല്‍ സീസണ് ത്രീ എത്തിയപ്പോഴേക്കും ഫൈസല്‍ റാസി കേരളത്തിലെ ഏറ്റവും മികച്ച റിയാലിറ്റിഷോയുടെ അമരക്കാരനായി മാറി.
മൂന്നാം സീസണ് പൂര്‍ത്തിയാക്കാനാണ് ഫൈസല്‍ എന്ന ഡയറക്ടര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. റിയാലിറ്റി ഷോ അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് പുതിയ പ്രതീക്ഷകള്‍ നല്കി വോട്ടിങ്ങിലൂടെ പ്രേക്ഷകരുടെ നീതി ഉറപ്പുവരുത്തി വിജയിയെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ്.