കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സിനിമ നടന് ധര്മജന്. തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട ധര്മജന് വലയ തോതിലുള്ള ട്രോളുകളും നേരിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
തന്നെ ഒരു രാഷ്ട്രീയക്കാരനായിട്ടല്ല നല്ലൊരു നടനായി കാണാനാണ് ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് ആഗ്രഹമെന്നും അതിനാലാണ് താന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും ധര്മജന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ ധര്മജന് പുതിയ സിനിമയായ തിരിമാലിയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കമ്മിറ്റ് ചെയ്ത ചിത്രമായിരുന്നു തിരിമാലി.
തന്റെ തെരഞ്ഞടുപ്പ് തിരക്കുള്ള മൂലം സിനിമയുടെ ചിത്രീകരണം പോലും മാറ്റിവെക്കുക വരെ ചെയ്തിരുന്നു. ആ സിനിമയോടുള്ള തന്റെ ബാധ്യത മൂലമാണ് വോട്ടെണ്ണല്‍ വരെ കാത്തുനില്‍ക്കാതെ ചിത്രീകരണത്തിന് പോയതെന്ന് ധര്മജന് പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പ് റിസള്‍ട്ടിനെ പേടിച്ച് മുങ്ങിയതാണ് എന്ന് പറയേണ്ട കാര്യമില്ല അടുത്ത വൃത്തങ്ങളോട് കാര്യം പറഞ്ഞിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മജന്റെ വാക്കുകള്‍
ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എല്ലാവര്ക്കും അറിയാമായിരുന്നു, അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു.
ഇലക്ഷന് കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി.