തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 8 മുതല്‍ 16 വരെയാണ് സമ്പൂര്‍ണ്ണ ലോക്കഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ആണെങ്കിലും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന ഇന്നലെ ട്വിറ്ററിലൂടെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. ഉത്തരവാദിത്വമുള്ള ഭരണമാണെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ഒരുപാട് പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
ആവശ്യക്കാര്‍ക്ക് ആഹാരം വീട്ടിലെത്തിച്ച് നല്‍കും. സംസ്ഥാനത്ത് ആരും അതിനാല്‍ പട്ടിണി കിടക്കേണ്ടി വരില്ലെന്നാണ് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും.’- മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.