ചെന്നൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കലാപ ആഹ്വാനത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ എന്നന്നേക്കുമായി കങ്കണയെ ബാന്‍ ചെയ്തത്. ഇപ്പോഴിതാ കങ്കണയെ സ്വാഗതം ചെയ്തിരിക്കുകയാണ് ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ ആപ്പ് ആയ കൂ വിന്റെ സാരഥികള്‍.
ദേശീയ ആപ്പ് എന്ന നിലയില്‍ അറിയപ്പെടുന്ന കൂ ട്വിറ്ററിന്റെ എതിരാളി ആയാണ് കണക്കാക്കപെടുന്നത്. ആപ്പ് പുറത്തിറങ്ങിയ സമയത്ത് കങ്കണ പറഞ്ഞ ആശംസ വാക്കുകള്‍ ഉദ്ധരിച്ചാണ് കൂ ഫൌണ്ടര്‍ ആയ അപ്രമേയ രാധാകൃഷ്ണ വന്നിരിക്കുന്നത്.
മറ്റെല്ലാ ആപ്പുകളും വാടക വീട് പോലെയാണെന്നും , കൂ ആണ് സ്വന്തം വീട് എന്നുമാണ് കങ്കണ ആശംസ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പരിചയിച്ചു വരാന്‍ കുറച്ചു സമയം എടുക്കുമെന്നാലും കൂടുതല്‍ സമയം ചിലവഴിക്കാന്‍ താത്പര്യമുണ്ട് എന്നാണു കങ്കണ പറഞ്ഞത്.
ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കെട്ടിയതിന് പിന്നാലെ കൂവിന്റെ മറ്റൊരു ഫൌണ്ടര്‍ ആയ മായങ്ക് ഭിത്വാത്കയും കങ്കണയെ സ്വാഗതം ചെയ്തു പോസ്റ്റ് ഇട്ടിട്ടുണ്ട്. അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചു താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ പറയാം എന്നാണു മായങ്ക് കുറിച്ചത്.
കൂവില്‍ കങ്കണക്ക് നാലര ലക്ഷം ഫോളോവേര്‍സുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ മുന്നേ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞിരുന്നു . അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ . ഇതേ തുടര്‍ന്നാണ് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തത്.