ഈ അടുത്ത കാലത്തായി മലയാളസിനിമയെ ഏറെ സ്വാധീനിച്ച ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിശേഷങ്ങളാണ് സൈബര്‍ ലോകത്തില്‍ ഇപ്പോഴും ചര്‍ച്ചാവിഷയം. ആ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയാണ് ദൃശ്യത്തിന്റെ സംവിധായകന് ജീത്തു ജോസഫ്. ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് സംവിധായകന് വെളിപ്പെടുത്തി.
കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ആയിരുന്നു ജീത്തുവിന്റെ വെളിപ്പെടുത്തല്‍. ദൃശ്യം മൂന്നാംഭാഗത്തിന്റെ ക്ലൈമാക്സ് മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടമായിട്ടുണ്ട് പക്ഷെ ദൃശ്യം 3 ഉടന്‍ ഉണ്ടാകില്ല. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാകുവെന്നും ജീത്തു പറഞ്ഞു.
ചില കാര്യങ്ങളെക്കുറിച്ച് തിരക്കഥയില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ കിട്ടിയാല്‍ അതേക്കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ സിനിമയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ തനിക്ക് സന്തോഷമുണ്ട്. ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളാണ് ആളുകള്‍ കണ്ടെത്തുന്നത്.
കുടുംബം എല്ലാവര്ക്കും പ്രധാനപ്പെട്ടതാണ്. സിനിമയില്‍ ജോര്ജുകുട്ടിക്കുണ്ടായ അനുഭവം എനിക്കുണ്ടായാല് ഞാനും കൊല്ലും. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സംരക്ഷിക്കാന്‍ ജോര്‍ജുകുട്ടി അത്തരത്തില്‍ ബുദ്ധിപരമായ ഇടപെടുന്നതിനെ ഞാന്‍ കുറ്റം പറയില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.
ബോധപൂര്‍വ്വമായിരുന്നു സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത്. കഴിവുള്ള ഒരുപാട് കലാകാരന്മാര് മലയാള സിനിമയില്‍ ഉണ്ട്. എന്നാല്‍ ഇവരെ പലരും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താറില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് എന്റെ നിലപാട്. എന്നാല്‍ ഇപ്പോഴും പുതുമുഖങ്ങളെ വെച്ച് മാത്രം ഒരു സിനിമ ഉണ്ടാക്കാനുള്ള ധൈര്യമില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു