ദൃശ്യം 2 ഒടിടിയില്‍ ഹിറ്റായാല്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ആമസോണ്‍ പ്രൈമില്‍ സിനിമ നല്‍കിയത് മോഹന്‍ലാലിന് പറ്റിപ്പോയ അബദ്ധമാണെന്നും സിനിമ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ തടയാന്‍ ഫിലിം ചേമ്പറിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമമായ ദി ക്യൂവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒട്ടനവധി നല്ല സിനിമകള്‍ തീയ്യറ്ററുകള്ക്കു നല്കിയ മോഹന്‍ലാലിന്റെ സിനിമക്ക് എക്സ്ക്യൂസ് നല്കുന്നതില് തെറ്റില്ല. നല്ല സിനിമകള്‍ കിട്ടാതെ മിക്ക തീയറ്റര്‍ ഉടമകളും കഷ്ട്ടപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു.
ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം ഇങ്ങനെ,
ഒടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്ന ചേംബറിന്റെ നിലപാടില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനും ഉറച്ചു നില്ക്കുന്നു. കൊറോണോ വ്യാപനം വര്‍ധിച്ചപ്പോള്‍ തീയറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാതെ വന്നു. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് ആമസോണിന്റെ ഓഫര്‍ സ്വീകരിച്ചത്. അത് മോഹന്‍ലാലിന് പറ്റിപ്പോയ തെറ്റാണ്. എന്നാല്‍ ദൃശ്യം സിനിമ ഒടിടിയില്‍ ഹിറ്റാവുകയാണെങ്കില്‍ തീര്‍ച്ചയായും തീയറ്ററുകള്‍ അത് സ്വീകരിക്കും. നല്ല സിനിമകള്‍ കിട്ടാതെ തീയറ്റര്‍ ഉടമകള്‍ ബുദ്ധിമുട്ടിലാണ് .
ഭൂരിപക്ഷം സിനിമ പ്രേമികളും ഒടിടിയില്‍ സിനിമ കാണുന്നതിനോട് താത്പര്യമില്ലാത്തവരാണ്. തീയറ്ററില്‍ സിനിമ കാണുന്നതിന്റെ സുഖം ചാനലിലോ, ഫോണിലോ കാണുമ്പോള്‍ ഉണ്ടാവുകയില്ല. തീയറ്ററില്‍ പടം റിലീസ് ചെയ്യുന്നില്ലേ എന്ന അന്വേഷണം വന്നാല്‍ ഉറപ്പായും ദൃശ്യം തീയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കും.
ദൃശ്യം 2 ആമസോണിന് കൊടുക്കന്നതിനു മുന്‍പ് ചേമ്പറുമായി ചര്‍ച്ച ചെയ്തിരുന്നില്ല. മറ്റ് സിനിമകള്‍ എല്ലാം ചേംബറിന്റെ അനുവാദത്തോടെയാണ് ഒടിടിയ്ക്കു നല്‍കിയത്. എന്നാല്‍ മോഹന്‍ലാലിന്റെ സിനിമയായതു കൊണ്ട് ഈ വിഷയത്തില്‍ ഒരു എക്സ്യൂസ് കൊടുക്കാവുന്നതാണ്. എത്രയോ നല്ല പടങ്ങള്‍ നല്കിയ മഹാ നടനാണ് മോഹന്‍ലാല്‍. അതുകൊണ്ടു തന്നെ മോഹന്‍ലാലിന്റെ പടത്തിനു എക്സ്ക്യൂസ് നല്കുന്നതില് തെറ്റില്ല.
ദൃശ്യം ആമസോണിന് നല്‍കിയത് മോഹന്‍ലാലിന് പറ്റിപ്പോയ അബദ്ധമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭാഗമായി നൂറ്റിഇരുപതോളം തീയറ്ററുകള്‍ ഉണ്ട്. നമ്മുടെ തീയറ്ററുകളില്‍ പടം കളിക്കുമ്പോള്‍ ചേമ്പറിലെ ആളുകള്‍ക്ക് തടയുവാന്‍ കഴിയില്ല. പടം ഒടിടിയില്‍ റിലീസ് ചെയ്തു രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ തീയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കണം. മരക്കാര്‍ പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഹോള്‍ഡ് ചെയ്തു വെച്ചിരിക്കുകയായിരുന്നു, അത് കൊണ്ടാണ് ആമസോണില്‍ ദൃശ്യം നല്‍കിയതെന്ന് മോഹന്‍ലാല്‍ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. വീണ്ടും അദ്ദേഹത്തെ ഈ വിഷയത്തിന്മേല് കുറ്റപ്പെടുത്തുന്നത് ശരിയല്ല. ദൃശ്യം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് പ്രേക്ഷകരോടും മോഹന്‍ലാലിനോടുമുള്ള ബാധ്യതയാണ്.
അതേസമയം ഒടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് പ്രതികരിച്ചു.