കൊവിഡ് ഭീഷണിയൊന്നും വിലപ്പോയില്ല, വിജയ് ചിത്രം മാസ്റ്റര്‍ 200 കോടി ക്ലബ്ബിലേക്ക്. കൊവിഡ് കാരണം തീയറ്ററുകളില്‍ അമ്പത് ശതമാനം സിറ്റിങ് കപ്പാസിറ്റി മാത്രമുള്ളപ്പോഴാണ് ‘മാസ്റ്റര്‍’ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയില്‍ വളരെ പെട്ടന്ന് തന്നെ 200 കോടി ക്ലബ്ബിലേയ്ക്ക് ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഗ്ലോബല്‍ കളക്ഷന്‍ റിപ്പോര്‍ട് പ്രകാരം ‘മാസ്റ്റര്‍’ 200 കോടി കടന്നിട്ടുണ്ട്.
വെള്ളി, ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ മാസ്റ്ററുടെ വാരാന്ത്യ ഗ്രോസ് 198.20 കോടി രൂപയാണെന്ന് ഫിലിം അനലിസ്റ്റായ സുമിത് കടേല് ട്വീറ്റ് ചെയ്തു. കളക്ഷന്‍ റിപ്പോര്‍ട് പരിശോധിക്കുമ്പോള്‍ രണ്ടു ദിവസം കൊണ്ട് ഇന്ത്യയില്‍ 200 കോടി ക്ലബിലേക്ക് സിനിമ പ്രവേശിക്കുമെന്ന് സുനില്‍ നിരീക്ഷിച്ചു.
ഇളയദളപതി വിജയ്യും, വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം മാസ്റ്റര്‍ ജനുവരി 13നായിരുന്നു റിലീസിനെത്തിയത്. ലോക്ഡൗണിന് ശേഷം തിയ്യറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായെത്തിയ ബിഗ് ബജറ്റ് റിലീസ് ആയിരുന്നു ‘മാസ്റ്റര്‍’. തിയ്യേറ്ററിലെ വിജയത്തിന് പുറമെ ഒടിടിയിലും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്/നിസാം, കര്‍ണാടക, കേരള, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു പ്രധാന റിലീസുകള്‍. ജനുവരി 29ന് ആമസോണ്‍ പ്രൈമിലും ചിത്രമെത്തി. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്സ് സ്വന്തമാക്കാന്‍ പ്രാരംഭഘട്ടത്തില്‍ 36 കോടിയാണ് ആമസോണ്‍ ചെലവാക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമിലെത്തിക്കാന്‍ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ മുടക്കുമുതല്‍ 51.5 കോടി രൂപ ആയിരുന്നു.