മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി’ലെ പുത്തന്‍ പോസ്റ്റര്‍ എത്തി. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തകര്‍പ്പന്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണനും പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’.
ആറാട്ട് ആഘോഷമാക്കാന്‍ ഞങ്ങള്‍ റെഡിയായെന്നും മാസ്സാണെന്നും ഇതൊരു ഒന്നൊന്നര ആറാട്ടാകും ലാലേട്ടാ എന്നുമാണ് പോസ്റ്റര്‍ കണ്ട ആരാധകരുടെ കമന്റുകള്‍. പൊടിപാറുന്ന ഗ്രൗണ്ടില്‍ അങ്കത്തിന് ഒരുങ്ങിയിരിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണയാണ്. കോമഡിക്കു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും നേരത്തേ പറഞ്ഞിരുന്നു. ഒരു തികഞ്ഞ മാസ് മസാല ചിത്രമായിരിക്കും ആറാട്ട്.
ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് നെയ്യാറ്റിന്‍കരയില്‍ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതിനെ തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.
ചിത്രത്തിലെ കാറിന് നല്‍കിയിരിക്കുന്ന നമ്പര്‍ 2255 ആണ്. ‘രാജാവിന്റെ മകനി’ലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗായ ”മൈ ഫോണ്‍ നമ്പര്‍ ഈസ് 2255” എന്ന ഡയലോഗ് ഓര്‍മിപ്പിക്കാനായാണ് കാറിന് ഈ നമ്പര്‍ നല്‍കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.