കൊച്ചി ലുലു മാളിനരികിലെ ട്രാഫിക് ജംഗ്ഷനില്‍ മൊബൈല്‍ സ്റ്റാന്‍ഡുകളും ഡ്രീം ക്യാച്ചറുമെല്ലാം വിറ്റു നടന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെണ്‍കുട്ടി ആസ്മാന്റെ ഫോട്ടൊഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇപ്പോഴിതാ മ്യൂസിക് വിഡിയോയിലൂടെ പ്രേക്ഷകരുടെ മനം കവരുകയാണ് ആ രാജസ്ഥാനി സുന്ദരി.
‘സിഗ്നല്‍’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് ആല്‍ബത്തില്‍ ആസ്മാനൊപ്പം അന്‍ഷാദ് അസീസ് അഭിനയിക്കുന്നുണ്ട്. ആല്‍ബത്തിന് സംഗീതം നല്കിയിരിക്കുന്നതും പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സുബിന് പദ്മനാഭന് ആണ്. അന്‍ഷാദ് അസീസ് ആണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. നാടോടി പെണ്‍കുട്ടിയും ഒരു യുവാവും തമ്മിലുള്ള മനോഹര പ്രണയമാണ് ഗാനത്തിന്റെ പ്രമേയം.
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന് തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെയാണ് ആസ്മാന് എന്ന രാജസ്ഥാനി പെണ്‍കുട്ടി സൂപ്പര്‍ മോഡലായി മലയാളികള്‍ക്ക് മുന്നിലെത്തിയത്. മോഡലിംഗിനെ കുറിച്ച് ഒരു ധാരണയുമില്ലെങ്കിലും ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പോസ് ചെയ്ത അസ്മാന്റെ ചിത്രങ്ങള്‍ അമ്പരപ്പിക്കുന്നവയാണ്. ഇതുവരെയുള്ള തന്റെ ഫോട്ടോഷൂട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് മഹാദേവന് തമ്പി ഈ ഷൂട്ടിനെ വിശേഷിപ്പിക്കുന്നത്.