മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേജില്‍ പാട്ടുപാടുന്നതിനിടയില്‍ ലാലേട്ടന്റെ കണ്ണട ചോദിക്കുന്നതും രമേഷ് പിഷാരടിയും മുകേഷും മോഹന്‍ലാലിനെ കണ്ണട നല്കാന് നിര്‍ബന്ധിക്കുന്നതും തുടങ്ങി രസകരമായ ദൃശ്യങ്ങളാണ് വീഡിയോയില്‍. മഞ്ജു വാര്യര്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫ്ളവേഴ്സ് ചാനലിലെ ഒരു പരിപാടിയ്ക്കിടയിലാണ് വീഡിയോയ്ക്ക് ആധാരമായ സംഭവം നടക്കുന്നത്. മോഹന്‍ലാലിനൊപ്പം മുകേഷും രമേഷ് പിഷാരടിയുമടക്കം കാഴ്ച്ചക്കാരായി വേദിയിലുണ്ടായിരുന്നു. സ്ഫടികം സിനിമയിലെ പരുമല ചെരുവിലെ എന്നു തുടങ്ങുന്ന ഗാനമാണ് മഞ്ജു പാടുന്നത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളും പാട്ടിനിടയില്‍ വരുന്നുണ്ട്.
‘ഈ ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക്ക് നീ കാണിച്ചു കൊടുത്തു, പകരം നിനക്ക് എന്ത് വേണം’ എന്ന സ്ഫടികം സിനിമയിലെ ഡയലോഗ് കേള്‍ക്കുമ്പോള്‍ ഇതിന് മറുപടിയായാണ് മോഹന്‍ലാലിനോട് മഞ്ജു കണ്ണട ചോദിക്കുന്നത്.
രമേഷ് പിഷാരടിയും മുകേഷും മോഹന്‍ലാലിനെ കണ്ണട നല്കാന് നിര്‍ബന്ധിക്കുകയും, രമേഷ് പിഷാരടി കണ്ണട എടുത്തുകൊണ്ടുപോയി മഞ്ജുവിന് നല്‍കുകയും ചെയ്യുന്നുണ്ട്. രസകരമായ അനുഭവമായിരുന്നു അതെന്ന് വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍ കുറിച്ചു.