കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി ഇളയദളപതി വിജയ്യുടെ മാസ്റ്റര്‍. ചിത്രം കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിന കളക്ഷന്‍ നേടിയത് 2.2 കോടി രൂപയാണ്. ഇന്ത്യ മൊത്തമുളള കണക്കില്‍ ‘മാസ്റ്റര്‍’ നേടിയത് 42.50 കോടി രൂപയാണ്. അതില്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം 26 കോടി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്രേഡ് അനലിസ്റ്റ് ആയ സുമിത് കഡേല്‍ പുറത്തുവിട്ട കളക്ഷന്‍ വിവരങ്ങള്‍
തമിഴ്നാട് – 26 കോടി
ആന്ധ്രപ്രദേശ്/നിസാം – 9 കോടി
കര്‍ണാടക – 4.5 കോടി
കേരള – 2.2 കോടി
നോര്‍ത്ത് ഇന്ത്യ – 0.8 കോടി
കൊവിഡില്‍ തീയ്യറ്ററിലേയ്ക്ക് കാണികള്‍ എത്തുമോ എന്ന സംശയങ്ങളെയൊക്കെ കാറ്റില്‍ പറത്തുകയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍. നിയന്ത്രണങ്ങള്‍ക്കിടയിലും ആരവങ്ങളോടും ആര്‍പ്പുവിളികളോടും കൂടിയാണ് കേരളത്തിലെ അടക്കം വിജയ് ആരാധകര്‍ ‘മാസ്റ്ററി’നെ വരവേറ്റത്.
കേരളത്തില്‍ രാവിലെ ഒന്‍പത് മണി മുതലായിരുന്നു പ്രദര്‍ശനം. ആറരക്കോടി രൂപക്ക് മാജിക് ഫ്രെയിംസും ഫോര്‍ച്ച്യൂണ്‍ സിനിമാസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. തമിഴ്നാട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിക്ക് തന്നെ ആദ്യ ഷോ തുടങ്ങിയിരുന്നു. തലേ ദിവസം രാത്രി മുതല്‍ തിയ്യറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു തമിഴ്നാട്ടിലെ വിജയ് ആരാധകര്‍.
കൈദിയുടെ സംവിധായകന് ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ്യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. സിനിമാ മേഖല മുന്നോട്ട് വച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് തിയ്യറ്ററുകളില്‍ ‘മാസ്റ്റര്‍’ പ്രദര്‍ശനത്തിനെത്തിയത്.