രജിത് കുമാർ ബിഗ്ബോസ് മലയാളം 2 ൽ നിന്നും പുറത്തേക്ക് പോയതിൽ വലിയ രീതിയിൽ ആരാധകരുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്നാണ് രജിത് കുമാർ ഷോയിൽ നിന്നും പുറത്തേക്ക് പോയത്.
തുടക്കത്തിൽ താത്കാലികമായിട്ടാണ് പോയത് എങ്കിലും പിന്നീട് അദ്ദേഹത്തെ ബിഗ്ബോസിലേക്ക് വീണ്ടും കയറ്റുന്നത് തനിക്ക് സമ്മതമല്ല എന്ന് രേഷ്മ പറഞ്ഞതിനെത്തുടർന്ന് രജിത്തിനെ ബിഗ്ബോസിൽ നിന്നും പൂർണമായും പുറത്താക്കുകയായിരുന്നു. പിന്നീട് വിമാനത്തിൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയ രജിത്തിന് ആരാധകർ വമ്ബൻ സ്വീകരണമാണ് ഒരുക്കിയത്.
കൊറോണ കാലത്ത് മുൻകരുതൽ എടുക്കേണ്ടതിനി പകരം ഇത്ര വലിയ ആൾക്കൂട്ടം ഉണ്ടായതിനെത്തുടർന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. രജിത്തിന് മാപ്പു നൽകാൻ രേഷ്മ തയ്യാറാകാത്തതാണ് അദ്ദേഹം ബിഗ്ബോസിൽ നിന്നും പുറത്തേക്ക് പോകാൻ കാരണം. അതിനാൽ തന്നെ രേഷ്മയ്ക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.
എന്നാലിപ്പോൾ ബിഗ് ബോസ് എന്ന ചാനൽ പരിപാടിയിൽ നിന്ന് രജിത് കുമാറിനെ പുറത്താക്കാൻ കാരണക്കാരിയായ രേഷ്മ എയർപോർട്ടിൽ വരുമ്പോൾ ആക്രമിക്കാൻ പദ്ധതിയിടുന്നതായി നടൻ ധനേഷ് ആനന്ദ് വെളിപ്പെടുത്തിയിരിക്കയാണ്. രജിത് കുമാറിന്റെ പേരിലുള്ള ഫാൻസ് ഗ്രൂപ്പുകളിൽ ഇത്തരത്തിലുള്ള ആഹ്വാനങ്ങൾ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ധനേഷ് ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക്? മലയാളി എന്ന് പറഞ്ഞു ഓരോ നിമിഷവും അഭിമാനിക്കുന്നവർക്ക് മുന്നിലേക്ക് ചില മലയാളികളെ കൂടെ പരിചയപ്പെടുത്തുന്നു. ബിഗ് ബോസ് എന്ന പ്രോഗ്രാമിൽ നിന്നും രജിത് കുമാറിനെ പുറത്താക്കിയ രേഷ്മ എയർപോർട്ടിൽ വരുമ്ബോൾ, അവരെ ആക്രമിക്കാൻ വേണ്ടി ആളുകൾ രജിത് കുമാറിന്റെ പേരിലുള്ള ഗ്രൂപ്പുകളിൽ ആഹ്വാനം നടത്തുന്നതിന്റെ ചില സ്ക്രീൻഷോട്ട് ആണ് താഴെ.
മുളക് വെള്ളം ഒഴിക്കണം, തല്ലണം തുടങ്ങി അവളുടെ മുഖത്ത് ആസിഡ് ഒഴിക്കണം, കൊല്ലണം എന്ന് വരെയുണ്ട് അതിലെ കമന്റ്സ്. കൊല്ലാനും ആസിഡ് ഒഴിക്കാനും പറയുന്നത് സ്ത്രീകൾ ആണെന്ന് കൂടെ ഓർക്കണം. ഒരു ടെലിവിഷൻ ഷോയിൽ നിന്നും രജിത് കുമാറിനെ ഒഴിവാക്കി എന്നതിന്റെ പേരിൽ ഒരാളെ അതും ഒരു പെണ്കുട്ടിയെ ആക്രമിക്കാൻ വേണ്ടി ഒരു കൂട്ടം ആളുകൾ പറയുന്നു.
ഇവിടത്തെ നിയമവും നിയമപാലകരും ഇതിന് ഇപ്പോഴേ തടയിട്ടില്ലെങ്കിൽ വലിയ ഒരു വിപത്തിലേക്ക് തന്നെ ആകും സമൂഹം പോകുക. ലില്ലി, ഫോറൻസിക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധനേഷ്.