ബിഗ് സ്ക്രീനിനും പുറത്തും സൗന്ദര്യ റാണിയാണ് ഐശ്വര്യ റായ്. ആരാധകരുടെ ഇഷ്ട നായികമാര്‍ നിത്യ ജീവിതത്തിലും അണിഞ്ഞൊരുങ്ങി സുന്ദരിയായി ഇരിക്കുമെന്ന മിഥ്യാധാരണകള്ക്കുള്ള മറുപടിയായിട്ടാണ് നടി ഐശ്വര്യ റായ് രംഗത്തെത്തിയത്. തന്റെ എയര്‍പോര്‍ട്ട് ചിത്രങ്ങള്‍ കണ്ട് ഹെയര്‍സ്റ്റൈല്‍ എന്താണു മാറ്റാത്തതെന്നു ചോദിക്കുന്നവരോട് താന്‍ അതിനുവേണ്ടി മിനക്കെടാറില്ലെന്നു പറയുകയാണ് ഐശ്വര്യ.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അനുഭവമാണ് അമ്മയാകുക എന്നത്. ആരാധ്യയെ പ്രസവിച്ചതിനു ശേഷം പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ തന്റെ ചിത്രം പകര്‍ത്താന്‍ പുറത്തു കാത്തു നില്‍ക്കുകയാണെന്ന് അറിയാമായിരുന്നു. എന്നിട്ടും താന്‍ മുടി വൃത്തിയായി ചീകിയൊതുക്കുകയോ ഒരുങ്ങുകയോ ചെയ്തില്ല, കാരണം താനൊരു വിഡ്ഡിയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രമുഖ ചാനലിനു നല്കിയ അഭിമുഖ സംഭാഷണത്തിനിടയ്ക്കാണ് താരത്തിന്റെ പ്രതികരണം.
എയര്‍പോര്‍ട്ടിലും മറ്റും പോകുമ്പോള്‍ താന്‍ ചിലപ്പോള്‍ ഐലൈനറോ ലിപ്സ്റ്റിക്കോ ഉപയോഗിച്ചിരിക്കാം, പക്ഷേ അത് മിക്ക സ്ത്രീകളും പുറത്തുപോകുമ്പോള്‍ സാധാരണയായി ചെയ്യുന്ന കാര്യമാണ്. ഐലൈനറും ലിപ്സ്റ്റിക്കും ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം ഒരാള്‍ ഫെയ്ക് ആണെന്നു പറയാനാകില്ല. അതുപോലെതന്നെ മുഖം വൃത്തിയാക്കി ഒരു ഷോള് കഴുത്തിനു ചുറ്റുമിട്ടെന്നു കരുതി ബുദ്ധിജീവിയാകണമെന്നും ഇല്ലെന്നും ഐശ്വര്യ വ്യക്തമാക്കി.
മിക്കപ്പോഴും താന്‍ ഓവര്‍കോട്ടുകളാണ് ഉപയോഗിക്കാറുള്ളത്, കാരണം അതാണ് തനിക്കേറ്റവും പ്രിയപ്പെട്ടത്. എന്നാല്‍ പ്രൊഫഷനു വേണ്ടി താന്‍ അവര്‍ പ്രതീക്ഷിക്കുന്നതു ചെയ്യാന്‍ തയ്യാറാണെന്നും അതു സാഹചര്യത്തെ അനുസരിച്ചായിരിക്കുമെന്നും ഐശ്വര്യ പറഞ്ഞു.