ഗീതാഗോവിന്ദം എന്ന ഹിറ്റ് പ്രണയചിത്രത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നായികാനായകന്മാരായി എത്തുന്ന ഡിയര്‍ കോമ്രേഡിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രണയും വഴക്കും അടിപിടിയുമെല്ലാം കൂടിച്ചേര്‍ന്ന നല്ല ഒരു ക്യാംപസ് ചിത്രമാണ് ഡിയര്‍ കോമ്രേഡ് എന്ന് ടീസര്‍ വ്യക്തമാക്കുന്നു.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡിന്റെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ടീസറുകളാണ് ഒരേസമയം പുറത്തിറങ്ങിയത്. സിദ് ശ്രീറാമിന്റെ മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
ദുല്‍ക്കര്‍ സല്മാന് നായകനായി എത്തിയ മലയാള സിനിമ സിഐഎയുടെ റീമേക്കാണ് ഡിയര്‍ കോമ്രേഡ് എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിഐഎയുടെ റീമേക്ക് അല്ല ഇതെന്ന് സംവിധായകന് വ്യക്തമാക്കുന്നു.
മൈത്രി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജസ്റ്റിന് പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മെയ് 31 ന് തീയ്യേറ്ററുകളിലെത്തും.