നരേന്ദ്ര മോദി ജനാധിപത്യ വ്യവസ്ഥിതിക്ക് അനുയോജ്യനായ നേതാവാണെന്ന് ബോളിവുഡ് നടി കങ്കണ റാണട്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് മോദി വീണ്ടും അധികാരത്തില്‍ വരണമെന്നും കങ്കണ റാണട്ട് പറഞ്ഞു. മോദിയുടെ കുട്ടിക്കാലം പ്രമേയമാക്കിയ ചലോ ജീത്തേ ഹേ എന്ന ഹ്രസ്വ ചിത്രത്തിന്റെ സ്ക്രീനിംഗിനെത്തിയതായിരുന്നു താരം.
ചലോ ജീത്തേ ഹേ വളരെ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണെന്ന് കങ്കണ പറഞ്ഞ. ഈ ചിത്രം മോദിയെക്കുറിച്ച് മാത്രമല്ല പറയുന്നതെന്നും ഇത് നമ്മുടെ സമൂഹം എങ്ങനെ ഒന്നിച്ച് നിന്ന് പുരോഗതിയിലേയ്ക്ക് നീങ്ങണമെന്നാണ് പറയുന്നതെന്നും കങ്കണ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ വ്യക്തി നിലവില്‍ മോദിയാണ്. മോദി കഠിനാധ്വാനത്തിലൂടെയാണ് ഈ പദവി നേടിയത്. നമ്മള് ഇത് അദ്ദേഹത്തില്‍ നിന്ന് എടുത്തുമാറ്റരുത്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ വിശ്വാസ്യതയില്‍ യാതൊരു പ്രശ്നവുമില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു.
രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേയക്ക് നയിക്കാന്‍ മോദിക്ക് ഒരു അവസരം കൂടി നല്‍കണം. നമ്മുടെ രാജ്യം ഒരു വലിയ കുഴിയിലാണ്. ഇതില്‍ നിന്ന് കരകയറാന്‍ അഞ്ച് വര്‍ഷം പോരെന്നും കങ്കണ അഭിപ്രായപ്പെട്ടു.