പ്രശസ്ത നടനും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ജീവിതത്തെ ആസ്പദമാക്കി വരുന്ന ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയേക്കാവുന്നതാണ് ചിത്രം. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രാംഗോപാല്‍ വര്‍മയും അഗസ്ത്യ മഞ്ജുവും ചേര്‍ന്നാണ്. ചിത്രം പറയുന്നത് എന്‍ടിആറും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ലക്ഷ്മി പാര്‍വതിയുടേയും കഥയാണ്.
ചിത്രത്തില്‍ ചന്ദ്രബാബു നായിഡുവിനെ വില്ലന്‍ പരിവേഷത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന ധ്വനിയും ട്രെയിലറിലുണ്ട്. ചിത്രത്തില്‍ നായകനായെത്തുന്നത് എന്‍ടിആറുമായി രൂപസാദൃശ്യമുള്ള വിജയകുമാര്‍ ആണ്. ചന്ദ്രബാബു നായിഡുവായി ശ്രീതേജും ലക്ഷ്മി പാര്‍വതിയായി യാഗ്നാ ഷെട്ടിയും വേഷമിടുന്നു.
ലക്ഷ്മീസ് എന്‍ടിആര്‍ രാകേഷ് റെഡ്ഡിയും ദീപ്തി ബാലഗിരിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍ടിആറിന്റെ ജീവിതകഥ പറയുന്ന ‘എന്‍ടിആര്‍ കഥാനായകുഡു’ എന്ന ചിത്രത്തിന്റെ ആദ്യഭാഗം ഈയിടെ പുറത്തിറങ്ങിയിരുന്നു. എന്‍ടിആറിന്റെ മകനും സൂപ്പര്‍താരവുമായ നന്ദമൂരി ബാലകൃഷ്ണയാണ് അതില്‍ എന്‍ടിആറായി വേഷമിട്ടത്.