പോയവര്‍ഷമിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമായിരുന്നു 96. കെ രാമചന്ദ്രനായി വിജയ് സേതുപതിയും എസ് ജാനകീദേവിയായി തൃഷയും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചത്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുകയാണെന്നും ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുകയെന്നും വാര്‍ത്തകള്‍ വന്നിട്ട് നാളുകള്‍ ഏറെയായി.
99 എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. ഇപ്പോഴിതാ ഭാവനയും ഗണേഷുമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് 99ന്റെ അണിയറപ്രവര്‍ത്തകര്‍. നേരത്തെ ഗണേഷിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തു വിട്ടിരുന്നു.
ഭാവന കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ 99 ലൂടെ ഒരു വമ്പന്‍ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് താരം. പ്രീതം ഗുബ്ബിയാണ് 99 സംവിധാനം ചെയ്യുന്നത്. കന്നഡ സംഗീത സംവിധായകന് അര്ജുന് ജന്യയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.