പൃഥ്വിരാജിന്റേയും പാര്‍വതിയുടേയും വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നു. സംവിധായികയും, നിര്‍മാതാവുമായ റോഷ്നി ദിനകറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്ന ചിത്രം വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്ന് സംവിധായിക വ്യക്തമാക്കി.
പോര്‍ച്ചുഗല്‍, സ്പെയിന്, ജോര്‍ജ്ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. പാര്‍വതി ഡബിള്‍ റോളില്‍ അഭിനയിച്ച ആദ്യ സിനിമ കൂടിയാണിത്. സിനിമ കണ്ടവരൊക്കെ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് വീണ്ടും റിലീസ് ചെയ്യുന്നതെന്നും റോഷ്നി ദിനകര്‍ പറഞ്ഞു.
ആഗസ്റ്റ് 9 നാണ് വീണ്ടും തീയേറ്ററുകളിലെത്തുന്നത്. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ക്ക് കോസ്റ്റ്യൂം ഡിസൈനറായിരുന്ന റോഷ്നി, ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൈസ്റ്റോറി.
മൈസ്റ്റോറിയുടെ സെക്കന്‍ഡ് റിലീസില്‍ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി കേരളത്തിലെ കുടുംബശ്രീ അംഗങ്ങളും സഹകരിക്കുമെന്ന് റോഷ്നി പറഞ്ഞു. റോഷ്നി ദിനകര്‍ പ്രൊഡക്ഷന്‍സിനു വേണ്ടി റോഷ്നിയും ഭര്‍ത്താവ് ദിനകറും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ വീണ്ടും റിലീസ് ചെയ്യുന്നത് പാദുവാ ഫിലിംസാണ്.