റെബാ മോണിക്ക ജോണ്‍ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ , ‘പൈപ്പിന് ചുവട്ടിലെ പ്രണയം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ്. റെബയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ ‘ജരുഗണ്ടി’ ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. യുവനടന് ജയ് ആണ് നായകന്. വെങ്കട് പ്രഭുവിന്റെ സഹസംവിധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകന്. തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന നായകനും അതിന്റെ ഫലമായി അയാള്‍ അകപ്പെടുന്ന പ്രതിസന്ധികളും അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നാണ് ചിത്രത്തിന്റെ പ്രമേയം.
ആക്ഷന്‍ എന്റര്‍ടെയിനറായ ജരുഗണ്ടിയില് അമിത് തിവാരി, റോബോ ശങ്കര്‍, ബോസ് വെങ്കട്, ഡാനിയല്‍ ആനി പോപ്പ്, ഇളവരസു, ജിഎം കുമാര്‍ എന്നവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണവും ബോബോ ഷാഷി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്രദ്ധാ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നടന് സത്യയും ബദ്രി കസ്തൂരിയും നിര്‍മ്മിച്ച സിനിമ ടച്ചിങ് ഹാര്‍ട്ട് മൂവി മേക്കേഴ്സ് ആണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.