മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ കായംകുളം കൊച്ചുണ്ണിയിലെ അതിസാഹസികമാ. ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് റോഷന് ആന്‍ഡ്രൂസ്. നിവിന്‍ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് അതിഥിവേഷത്തിലെത്തുന്നത്. 1830 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കല്ല് വിരിച്ച വഴികള്‍, കാളവണ്ടി, പക്ഷിമൃഗാദികള്‍ നിറഞ്ഞ അന്തരീക്ഷം ഇവയെല്ലാം ചിത്രത്തിന് വേണ്ടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
പാമ്പുകളും മുതലുകളും നിറഞ്ഞ ലൊക്കേഷനില്‍ അതിസാഹസികമായായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ അതിമനോഹരമായ ഒരു പ്രദേശം ലൊക്കേഷനായി തിരഞ്ഞെടുത്തു. അവിടുത്തെ കുളത്തില്‍ നിവിന്‍ മുങ്ങാംകുഴിയിടുന്നതാണ് രംഗം. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്, മുന്നൂറോളം മുതലകളുള്ള കുളമാണതെന്ന്. മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഉച്ചത്തില്‍ ശബ്ദങ്ങളുണ്ടാക്കി മുതലകളെ തുരത്താന്‍ ഒരു സംഘത്തെ അയച്ചു. പിന്നാലെ ഷൂട്ടിങ്ങും ആരംഭിച്ചു. അപ്പോഴും അഞ്ചാറ് മുതലകളെ കുളത്തിന് മുകളില്‍ കാണാമായിരുന്നു.
ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല. ശ്രീലങ്കയില്‍ മുതലകളായിരുന്നെങ്കില്‍ മംഗളുരുവിലെ കടപ്പ വനത്തില്‍ വിഷപ്പാമ്പുകളായിരുന്നു. സാങ്കേതികസംഘത്തിലാരാളെ പാമ്പു കടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്കിയതിനാല് അപകടമൊന്നുമുണ്ടായില്ല. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ നിവിന്റെ കയ്യൊടിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് തയ്യാറായി നിവിനെത്തി. രണ്ടുദിവസങ്ങള്‍ക്ക് ശേഷം ഒരു കാളവണ്ടി നിവിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. അന്ന് തലനാരിഴക്കാണ് നിവിന്‍ രക്ഷപ്പെട്ടത്, റോഷന് പറയുന്നു.