വ്യത്യസ്തവും വികാര തീവ്രവുമായ ഒരു പ്രണയത്തിന്റെ കഥ പറയുകയാണ് ‘ഫൈവ് ഫീറ്റ് അപാര്‍ട്ട്’ എന്ന ഹോളീവുഡ് ചിത്രം. സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് ഹേലീ ലൂ റിച്ചാഡ്സണും കോള്‍ സ്പ്രൌസുമാണ്.
‘ഫൈവ് ഫീറ്റ് അപാര്‍ട്ട്’ എന്ന ചിത്രം കാട്ടിത്തരുന്നത് സിസ്റ്റിക് ഫൈബ്രോസിസ് എന്ന ശ്വാസകോശരോഗം ബാധിച്ച സ്റ്റെല്ല, വില്‍ ന്യൂമാന്‍ എന്നീ രണ്ട് പേരുടെ കഥയാണ്. ആശുപത്രി വാസത്തിനിടെ ഇരുവരും തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാല്‍ അണുബാധ ഉണ്ടാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പുള്ളതിനാല്‍ അഞ്ചടി അകലത്തിലേ ഇരുവര്‍ക്കും നില്‍ക്കാനാകൂ. സ്റ്റെല്ലയെ ഹേലീ ലൂ റിച്ചാഡ്സണും വില്‍ ന്യൂമാനെ കോള്‍ സ്പ്രൌസും അവതരിപ്പിക്കുന്നു. നടന് ജസ്റ്റിന് ബല്ഡോനിയുടെ സംവിധായകനായുള്ള അരങ്ങേറ്റചിത്രമാണ് ‘ഫൈവ് ഫീറ്റ് അപാര്‍ട്ട്’.
സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗം മൂലം ലോകത്താകമാനം കഷ്ടപ്പെടുന്നത് എഴുപതിനായിരത്തിലേറെ യുവതീയുവാക്കളാണ്. സിസ്റ്റിക് ഫൈബ്രോസിസ് രോഗിയായിരുന്ന ക്ലെയ്റി വൈന്‍ലാന്‍ഡ് ആണ് സിനിമയിലെ താരങ്ങള്‍ക്ക് രോഗാവസ്ഥ വിവരിച്ചു നല്‍കിയത്. എന്നാല്‍ സെപ്തംബറില്‍ ക്ലെയ്റി മരിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 22നാണ് ഈ ചിത്രത്തിന്റെ റിലീസ്.