നീണ്ട ഇടവേളയ്ക്കു ശേഷം ബാലചന്ദ്ര മേനോന് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘എന്നാലും ശരത്തി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ക്യാമ്പസ് പശ്ചാത്തലമുള്ള ചിത്രത്തിലെ ‘തുള്ളി മഴ വെള്ളം തെന്നി ഒഴുകുമ്പോള്‍’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഒൗസേപ്പച്ചന് സംഗീതം നല്കിയ ഗാനം ശ്വേതാ മോഹനാണ് ആലപിച്ചിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ഒരുപാട് സസ്പെന്‍സ് നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.
കുടുംബചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്യാംപസ് കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്. സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബാലചന്ദ്ര മേനോന് സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹരികുമാറാണ്.
ഒരു നിര പുതുമുഖ നായികമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പുതുമുഖ താരങ്ങളുമായി മലയാള സിനിമയിലേക്ക് തിരിച്ച് വരുകയാണ് ഈ ചിത്രത്തിലൂടെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് പൃഥ്വിരാജാണ്. പുതുമുഖ താരങ്ങളായ ചാര്‍ളി, നിത്യ, നിധി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2015 ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സംവിധാനം ചെയ്യും’ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ തന്ന കുടുംബ ചിത്രങ്ങളുടെ സംവിധായകന്റെ തിരിച്ചുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.