സിനിമകള്‍ ഹരമാവുകയും സ്വന്തമായൊരു സിനിമ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്ത സൗമ്യ സദാനന്ദന്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ലഭിച്ച ജോലി, അതും ആപ്പിള്‍ പോലൊരു കമ്പനിയില്‍ ആരും കൊതിക്കുന്ന ഒരു അവസരം. അതെല്ലാം ഉപേക്ഷിച്ചാണ് സൗമ്യ സിനിമയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഇറങ്ങിത്തിരിക്കുന്നത്.
നീണ്ട എട്ടുവര്‍ഷങ്ങള്‍. സിനിമ കണ്ടും, അറിഞ്ഞും, പല സിനിമകളുടെയും ഭാഗമായും ആഴത്തിലുള്ള പഠനം. സന്തോഷ് ശിവനെപ്പോലുള്ള പ്രമുഖര്‍ക്കൊപ്പമുള്ള അനുഭവസമ്പത്ത്. അസിസ്റ്റന്റ് ഡയറക്ടറായും, പ്രൊഡക്ഷന്‍ കംട്രോളറായും, അഭിനേതാവായും പല സിനിമകളുടെയും ഭാഗമായി. അവതാരക എന്ന നിലയില്‍ മിനി സ്ക്രീനിലും തിളങ്ങി. ഡോക്യുമെന്ററി, ഹ്രസ്വ ചിത്രം എന്നിവയിലൂടെ സംവിധായിക എന്ന കുപ്പായം എടുത്തണിഞ്ഞ സൗമ്യയെ നാഷ്ണല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ തേടിയെത്തി. അതെല്ലാം നല്കിയ ഊര്‍ജ്ജമാണ് ഈ കലാകാരിക്ക് മാംഗല്യം തന്തുനാനേനാ എന്ന ചിത്രം സ്വന്തമായി സംവിധാനം ചെയ്യാന്‍ പ്രചോദനമായത്.
ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഫീച്ചര്‍ ഫിലിം സംവിധായിക എന്ന റോളിലെത്തിയിരിക്കുന്നു. എങ്ങനെയുണ്ടായിരുന്നു സംവിധാന അനുഭവം.?
നല്ല അവസരമായിരുന്നു. പ്രാക്റ്റിക്കലായ ഒരു പ്രൊജക്ട് ചെയ്തുകൊണ്ട് ഒരു ഓപ്പണിംഗ് അതാണ് ഞാന്‍ ശരിക്കും ആഗ്രഹിച്ചത്. ഇടത്തരം ബഡ്ജറ്റില്‍ ഒരു നല്ല സിനിമ. കേരളത്തിലെ ചെറിയ സമൂഹത്തെ ലക്ഷ്യം വെച്ച് അവര്‍ക്ക് ആസ്വാദ്യകരമാകുന്ന റിയലസ്റ്റിക് സ്റ്റോറി. വര്‍ഷങ്ങളായി കുറെ സബ്ജക്റ്റുകള്‍ മനസ്സിലുണ്ടായിരുന്നു. പക്ഷേ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്ന എന്റെ സുഹൃത്തുകൂടിയായ ടോണി മഠത്തിലാണ് ഈ ഒരു വിഷയം കൊണ്ടുവന്നത്. അകക്കാമ്പുള്ള ഒരു സബ്ജക്ട്. നന്നായി വികസിപ്പിച്ചു കൊണ്ടുവരാമെന്ന് ഉറപ്പുതോന്നിയപ്പോള് വിഷയവുമായി ആന്റണി ചേട്ടനെ സമീപിച്ചു. അദ്ദേഹത്തിനും സ്റ്റോറി ത്രെഡ് ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ് അദ്ദേഹം. യുണൈറ്റഡ് മീഡിയ എന്റര്െയ്ന്മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്, നിമിഷ സജീവ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു, ശാന്തി കൃഷ്ണ, ഹരീഷ് കണാരന്, വിജയ രാഘവന് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. കഥാപാത്രങ്ങളെ എങ്ങനെയാണ് തെരഞ്ഞെടുത്തത്.?
സാധാരണക്കാര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാണ് ചിത്രത്തില്‍. അതുകൊണ്ടുതന്നെ അതിന് അനിയോജ്യരായവരെ കാസ്റ്റ് ചെയ്തു. പ്രധാന കഥാപാത്രങ്ങളായ റോയിയും, ക്ലാരയുമായി എത്തുന്നത് കുഞ്ചാക്കോ ബോബനും, നിമിഷ സജയനുമാണ്. നമുക്കെല്ലാം ഉണ്ടാകും റോയിയെ പോലെ ഒരു ചേട്ടന്. നമുക്ക് ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം. ജനപ്രീതിയും നമ്മുടെ ഇടയില്തന്നെയുള്ളവര് എന്ന ഇമേജുമാണ് ചിത്രത്തിലേക്ക് അവരെ എത്തിച്ചത്. കഥ കേട്ടപ്പോള്‍ തന്നെ റോയി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന് മനസ്സില്‍ വന്നിരുന്നു. അദ്ദേഹത്തോട് വളരെ മുന്‍പുതന്നെ കഥ പറയുകയും ചെയ്തിരുന്നു. സംഭാഷണങ്ങളിലൂടെ രസകരമായി കഥ പറഞ്ഞു പോകുന്ന ടോണിയുടെ രീതി ചിത്രത്തിന് കൂടുതല്‍ സ്വാഭാവികത നല്കുന്നു.
സിനിമ നന്നായി പഠിച്ച ശേഷമാണ് സൗമ്യ സംവിധാന രംഗത്തേക്കെത്തിയത്. മുന്നൊരുക്കങ്ങളെക്കുറിച്ച്.?
നാലു വര്‍ഷം മുന്‍പാണ് റോണി ഈ കഥയുമായി എന്നെ സമീപിച്ചത്. ഞാന്‍ അപ്പോള്‍ ഒരു റിയലസ്റ്റിക്സ്റ്റോറി ചെയ്യാനുള്ള അന്വേഷണത്തിലായിരുന്നു. ഞാന്‍ ഉദ്ദേശിച്ച പോലത്തെ ഒരു പ്രാക്റ്റിക്കല്‍ സബ്ജക്ട്. പിന്നെ ആല്വിന് ആന്റണി ചേട്ടന്റെ സപ്പോര്‍ട്ട് കൂടെയായപ്പോള്‍ ധൈര്യമായി.
കഥ വികസിപ്പിക്കല്‍, സ്ക്രിപ്റ്റ്, അങ്ങനെ നന്നായി സമയമെടുത്താണ് ഓരോ ഘട്ടങ്ങളും പൂര്‍ത്തിയാത്തിയത്. 12 തവണ സ്ക്രിപ്റ്റ് മാറ്റിയെഴുതി. നിരവധി തവണ സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തി. അവസാനം ഷൂട്ടിങ് സമയമായപ്പോഴേക്കും സ്ക്രിപ്റ്റ് മനപാഠമായി. സീന്‍, കോസ്റ്റിയൂം, ഡയലോഗ്സ് എല്ലാം സ്ക്രിപ്റ്റ് നോക്കാതെ തന്നെ ചെയ്യാമെന്നായി. അതുകൊണ്ടുതന്നെ എറ്റവും നല്ല രീതിയില്‍ ചിത്രം തയ്യാറായി. കണ്ഫ്യൂഷനുകള് എവിടെയും ഉണ്ടായതേയില്ല. ഇപ്പോള്‍ അവസാനഘട്ട പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.
ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച്.
സിനിമയ്ക്ക് വേണ്ടിയുള്ള ഈണം തേടിയുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. എങ്ങനെയായിരുന്നു പ്രതികരണം.
ചിത്രത്തിനു വേണ്ടി ആറ് ട്രാക്കുകള്‍ തയ്യാറാക്കി. അഞ്ചെണ്ണം ഉള്‍പ്പെടുത്തി.
പണ്ടുള്ള സിനിമകളില്‍ മനസ്സില്‍ നില്ക്കുന്ന നിറയെ നല്ല പാട്ടുകളുണ്ടാകും. ആ രീതിതന്നെയാണ് ഞാനും സ്വീകരിച്ചത്. രണ്ടേക്കാല്‍ മണിക്കൂറുള്ള സിനിമയില്‍ 15 മിനിറ്റോളം പാട്ടുകളാണ്.
ട്രാക്സിനു വേണ്ടിയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നല്കിയ സമയത്തിനുള്ളില്‍ 350 ല്‍ അധികം മെയിലുകളിലായി 1200 ഓളം ട്രാക്കുകള്‍ ലഭിച്ചു. പിന്നെയും മെയില്‍ വന്നു കൊണ്ടിരുന്നു. 1200 ട്രാക്കുകള്‍ പൂര്‍ണമായും കേട്ടാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. പാട്ട് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ടീമിനെവെച്ച് പാട്ടുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ചിത്രത്തിനും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ ട്രാക്കുകള്‍ പ്രൊഡ്യൂസേഴ്സിനെ കേള്‍പ്പിച്ചു. അങ്ങനെ തെരഞ്ഞെടുത്ത മൂന്ന് പാട്ടുകള്‍ക്ക് പുറമെ എന്റെ സൃഹൃത്തുകൂടിയായ സൈനോരയുടെ രണ്ട് ഗാനങ്ങളും ഉള്‍പ്പെടുത്തി. സൈനോരയുടെ കുട്ടന്‍പിള്ളയുടെ ശിവരാത്രികളിലെ ഗാനങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. ബോറടിപ്പിക്കാത്ത ഒഴുക്കുള്ള ഗാനങ്ങള്‍ ഒരുക്കുന്ന സൈനോരയുടെ രീതി എനിക്ക് ഇഷ്ടമാണ്.
എണ്‍പത് തൊണ്ണൂറുകളിലെ പോലെ എന്നും മനസ്സില്‍ തങ്ങിനില്ക്കുന്നതാകണം ഗാനങ്ങള്‍ എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ അത്തരം ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാട്ടുകള്‍ക്കു വേണ്ടി കുത്തിത്തിരികിയവയല്ല ഗാനങ്ങള്‍. സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നതും ചിലയിടത്ത് കഥ പറയുന്നതും ഗാനങ്ങളിലൂടെയാണ്.
ബിജി പാലിന്റേതാണ് പശ്ചാത്തല സംഗീതം.
സിനിമയുടെ പേര് തന്നെ നമ്മള് കേട്ടുരസിച്ച ചില ഗാനങ്ങളുടെ ആദ്യവരിയാണ്. ബാംഗ്ലൂര്‍
ഡേയ്സിലെ തുടക്കം മാംഗല്യം തന്തുനാനേന… എന്ന് തുടങ്ങുന്ന ഗാനം പെട്ടെന്ന് മനസ്സിലേക്ക് വരുന്നു… പേര് തെരഞ്ഞെടുത്തത് എങ്ങനെയാണ്.?
ബാംഗ്ലൂര്‍ ഡെയ്സിലെ തുടക്കം മാംഗല്യം തന്തുനാനേനാ പിന്നെ ജീവിതം .. ആ ഗാനം തന്നെ ജീവിതം വിവാഹം ആഘോഷം എല്ലാം പ്രതിപാതിക്കുന്നു. ഒരു തമാശ ഫീലുണ്ട്. ബാഹ്യമായ അത്തരം അര്‍ഥങ്ങള്‍ തരുന്ന ഒരു പ്രതീതി അതുപോലെ തന്നെയാണ് ഈ സിനിമയും. പിന്നെ തമിഴ് ചിത്രം അലൈപായുതേയിലെ പ്രസിദ്ധമായ ഗാനം ഇങ്ങനെ തുടങ്ങുന്നു. അതൊരു ശ്ലോകമാണ്. വിവാഹം എന്നത് നിന്നെ സംരക്ഷിച്ചുകൊള്ളാമെന്ന പ്രതിജ്ഞയും വാഗ്ദാനവുമാണെന്ന് ആ വരികള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതൊക്കെതന്നെയാണ് ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു കൗതുകമുള്ള പേര് എന്ന് തോന്നുമെങ്കിലും ഭാവിയില്‍ ഒരു നിലവാരമുള്ള സിനിമയുടെ പേരായി ഇത് തിരിച്ചറിയപ്പെടും എന്നെനിക്ക് ഉറപ്പുണ്ട്.
നിരവധി ചിത്രങ്ങള്‍ റിലീസായിരിക്കുന്നു. പല ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നു. മാംഗല്യം തന്തുനാനേനാ ഈ മാസം 20 ന് റിലീസിനൊരുങ്ങുകയാണല്ലോ ..ഒരു നവാഗത സംവിധായിക എന്ന നിലയില്‍ ടെന്‍ഷനുണ്ടോ.?
നാല് വര്‍ഷമായി പല രീതിയില്‍ ഇതിനായി ഒരുക്കങ്ങള്‍ നടത്തുന്നു. 12 തവണ തിരുത്തല്‍ വരുത്തിയ സ്ക്രിപ്റ്റ് ആയതിനാല്‍ കണ്ഫ്യൂഷനുകളുണ്ടായില്ല. സബ്ജക്ട് തറമായിരുന്നു.
എന്റെ സിനിമയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. സാധാരണക്കാര്‍ക്കു വേണ്ടിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു റിയലസ്റ്റിക് കഥ. നല്ല ടീം.
ഒരു വര്‍ക്കില്‍ സംവിധായകന് അല്ലെങ്കില്‍ സംവിധായികയ്ക്കുള്ള ക്ലാരിറ്റിയാണ് പ്രധാനം. അത് എനിക്ക് വര്‍ക്ക് ചെയ്യുമ്പോഴും പിന്നീടും പൂര്‍ണമായി അനുഭവപ്പെട്ടു.
എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് വിഷ്വല്‍സിലൂടെ കമ്യൂണിക്കേറ്റ് ചെയ്യുക ശരിക്കും വെല്ലുവിളിതന്നെയായിരുന്നു. എങ്കിലും സ്ക്രിപ്റ്റ് നന്നായി പഠിച്ചത് കാര്യങ്ങള്‍ എളുപ്പമാക്കി. പലപ്പോഴും ഷൂട്ട് സമയത്ത് സ്ക്രിപ്റ്റ് നോക്കേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല.
പ്രോഡക്ടില്‍ കോണ്ഫിഡന്റാണ്. അങ്ങനെ കോണ്ഫിഡന്റോടെ ചെയ്ത ഡോക്യുമെന്ററിയാണ് ചെമ്പൈ മൈ ഡിസ്കവറി ഓഫ് എ ലെജന്റ്, റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട്ട് ഫിലിം എന്നിവ. അവ ക്ലിക്കായി. മാംഗല്യം തന്തുനാനേനാ പോലെയാവില്ല ഇനി എന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. സംവിധായിക എന്നതിലുപരി ഒരു പ്രേക്ഷക എന്ന നിലയിലും ഞാന്‍ എന്റെ വര്‍ക്കുകളെ നോക്കികാണുന്നു. പല ഘട്ടങ്ങളിലായി നിരവധി തവണ ചിത്രം കണ്ടു. ഓരോ ഘട്ടം പണി പൂര്‍ത്തിയാകുമ്പോഴും, ഓരോ മാറ്റങ്ങള്‍ വരുത്തുമ്പോഴും ചിത്രം കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നതായാണ് അനുഭവപ്പെട്ടു. അത് കോണ്‍ഫിഡന്റ് വര്‍ധിപ്പിക്കുന്നു. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്കായി ചിത്രം സമര്‍പ്പിക്കുന്നു.