റാഞ്ചി: ജാര്‍ഖണ്ഡ് ഗൂംല ജില്ലയില്‍ ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഷൂന ഭഗത് (65), ഫഗ്നി ദേവി (60), ചംപ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുടുംബങ്ങളില്‍ നിന്ന് രണ്ടു പുരുഷന്മാരേയും രണ്ടു സ്ത്രീകളെയുമാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പന്ത്രണ്ടോളം വരുന്ന ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കൊലപാതകരത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുന്നതിന് മുന്‍പ് ഗ്രാമ്തതില്‍ പഞ്ചായത്ത് വിളിച്ച് കൂട്ടി ചര്‍ച്ച നടന്നതായി ഗ്രാമവാസി വെളിപ്പെടുത്തി. പഞ്ചായത്ത് ചര്‍ച്ചയില്‍ ഇവര്‍ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയതായി കുറ്റം ചുമത്തിയെന്നും ഗ്രാമവാസി പോലീസിനോട് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആക്രമി സംഘം എത്തി ഇവരെ വീട്ടിനുള്ളില്‍ നിന്ന് വലിച്ചിറക്കുകയായിരിന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വടിയും കല്ലും ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തി എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.