കോഴിക്കോട്: മാഹിയില്‍ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവാവ് മരിച്ചു. വടകര സ്വദേശി സികെ വിനോദാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മാഹി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം സുഹൃത്തിനൊപ്പം നടന്ന് പോകുകയായിരുന്നു വിനോദ്.
അപ്പോള്‍ അത് വഴി അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് വാനിനെതിരെ വിനോദ് പ്രതിഷേധിച്ചു. വാഹനം നിര്‍ത്തി ഇറങ്ങി വന്ന ഡ്രൈവറും സഹായിയും വിനോദിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ ക്രൂരമര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദ് റോഡില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഉടന്‍ മാഹി ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ വാന്‍ ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. അഴിയൂര്‍ സ്വദേശികളായ ഫര്‍സല്‍, ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഏറെ കാലം ഗള്‍ഫിലായിരുന്ന വിനോദ് അടുത്തിടെ നാട്ടിലെത്തിയ ശേഷം നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു.