ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭോപ്പാല്‍ കോടതി അതിവേഗം ശിക്ഷ വിധിച്ചു. വിഷ്ണു ബമോറ(35) എന്ന യുവാവിനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ മാസം ജൂണ്‍ എട്ടിന് വീടിന് മുന്നില്‍നിന്നാണ് എട്ടുവയസ്സുകാരിയെ കാണാതായത്.
കാണാതായ പിറ്റേദിവസം പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂണ്‍ 10ന് തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പിടിയിലായ യുവാവിന്റെ ഡിഎന്‍എ പരിശോധനയില്‍ പ്രതി ഇയാള്‍ തന്നെയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കുറ്റപത്രം തയ്യറാക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഐപിസി 302,376എബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജഡ്ജി കുമുദിനി പട്ടേലാണ് ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി 32 ദിവസത്തിനുള്ളില്‍ ശിക്ഷ വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.