പത്തനംതിട്ട: പത്തനംതിട്ടയില്‍ സംശയരോഗത്തെ തുടര്‍ന്ന് എട്ടു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര വീട്ടില്‍ റെജി തോമസിനാണ് (45) ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി.
കുറിയന്നൂര്‍ എംടി എല്‍പി സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന മകന് റിജിന്‍ റെജി തോമസിനെ സ്കൂളില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. 2014 നവംബര്‍ 11നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രോസിക്യൂഷന് 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
അതേസമയം കൃത്യം നടത്തിയപ്പോള്‍ പ്രതി മാനസികരോഗിയാണെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. എന്നാല്‍ ആ വാദം കോടതി തള്ളി. തുടര്‍ന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സാനു എസ് പണിക്കരാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ രേഖ ആര് നായരാണ് ഹാജരായത്. കോയിപ്രം പോലീസാണ് കേസ് അന്വേഷിച്ചത്.