തൃശൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം.തൃശ്ശൂര്‍ കുന്നംകുളം ആനക്കലിലാണ് ഞെട്ടിക്കുന്ന സംഭവം. ചെറുത്തുനില്‍പ്പിനൊടുവില്‍ കുതറി ഓടിയ യുവതി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ തൃശൂര്‍ കുന്നംകുളം ആനായ്ക്കലിലാണ് നഗരത്തെ ഞെട്ടിച്ച് യുവതിക്ക് നേരെ അതിക്രമം നടന്നത്. കാണിപ്പയ്യൂര്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്കു നേരെയായിരുന്നു ആക്രമണം. സഹോദരി പുത്രനെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ടിട്ട് മടങ്ങവേ റോഡില്‍ മദ്യപസംഘം വണ്ടി തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മരം വീണതാകാമെന്ന് കരുതിയാണ് സ്കൂട്ടര്‍ നിര്‍ത്തിയതെന്ന് യുവതി പോലീസിനോട് പറയുന്നത്. എന്നാല്‍ വണ്ടി നിര്‍ത്തിയതോടെ മദ്യ ലഹരിയിലായിരുന്ന സംഘം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ബഹളംവച്ച യുവതിയുടെ വായ് പൊത്തി ബലമായി വണ്ടിയില്‍നിന്ന് ഇറക്കി പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ഈ ശ്രമം തടഞ്ഞ് യുവതി ഓടി മാറുകയായിരുന്നു.
മദ്യ ലഹരിയില്‍ കാലുറയ്ക്കാതെയായിരുന്നു സംഘമെന്നു യുവതി പറയുന്നു. കുതറിമാറി വാഹനവുമെടുത്ത് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.