മുംബൈ: ബിസിസിഐ ഐപിഎല്‍ പ്ലേ ഓഫ് സമയക്രമം പ്രഖ്യാപിച്ചു. ഏഴരയ്ക്കാവും മേയ് ഏഴിന് തുടങ്ങുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുക. ഈ തീരുമാനം എട്ട് മണിക്ക് തുടങ്ങുന്ന നിലവിലെ മത്സരങ്ങളില്‍ ചിലത് പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ്.
മെയ് ഏഴിന് ആദ്യ ക്വാളിഫയര്‍ ചെന്നൈയില്‍ നടക്കും. 8, 10 തിയതികളിലായി എലിമിനേറ്ററും രണ്ടാം ക്വാളിഫയറും വിശാഖപട്ടണത്ത് നടക്കും. കലാശപ്പോരാട്ടം മെയ് 12ന് ഹൈദരാബാദിലാണ്. സാങ്കേതിക കാരണങ്ങള്‍ മൂലം ചെന്നൈയില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഫൈനല്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.
ഐപിഎല്‍ വനിതാ ടി20 പ്രദര്‍ശന മത്സരങ്ങളുടെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ മെയ് 6, 8, 9, 11 തിയതികളിലായാണ് മത്സരങ്ങള്‍. മെയ് എട്ടിന് 3.30നും ബാക്കി ദിവസങ്ങളില്‍ 7.30-നുമാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഫൈനല്‍ 11ാം തിയതിയാണ് നടക്കുക.