ന്യൂഡല്‍ഹി: ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ഉള്‍പ്പെട്ട ചാറ്റ് ഷോ വിവാദത്തില്‍ പെട്ടന്ന് തീരുമാനമുണ്ടാക്കാന്‍ ഒരുങ്ങി ബിസിസിഐ. ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും ലോകകപ്പിനു മുന്‍പ് ഈ പ്രശ്നം അവസാനിക്കണമെന്ന നിലപാടാണ് ഉള്ളതെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ അംഗം ഐഎഎന്‍എസിനോട് പറഞ്ഞു. ഈ ചാറ്റ് ഷോ വിവാദത്തിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഇനി ഇക്കാര്യത്തില്‍ താരങ്ങള്‍ക്കെതിരേ കടുത്ത നടപടികള്‍ ഉണ്ടാകില്ല എന്നാണ് സൂചന.
സുപ്രീം കോടതി ഈ വിഷയം അന്വേഷിക്കാന്‍ ബിസിസിഐ ഓംബുഡ്സ്മാന് റിട്ട. ജസ്റ്റിസ് ഡികെ ജെയിനിനെ നിയോഗിച്ചിരുന്നു. ഇദ്ദേഹം ഇരുവരുടെയും വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മറ്റൊരു ബിസിസിഐ അംഗം പറഞ്ഞു. ഈ വിഷയത്തില്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഡികെ ജെയിന് ഇരു താരങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. അവര്‍ക്ക് പറയാനുള്ളത് പറയാതെ ആരെയും കുറ്റക്കാരാണെന്ന് വിധിക്കാനാകില്ലെന്നായിരുന്നു ജെയിനിന്റെ പ്രതികരണം.
ഈ വിഷയത്തിലെ വാദം നടക്കുന്നത് മുംബൈയിലാണ്. പാണ്ഡ്യയുടെ വാദം കേള്‍ക്കുന്നത് ഏപ്രില്‍ ഒമ്പതിനാണ്. രാഹുലിന്റേത് അതിന്റെ അടുത്ത ദിവസവും. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതി പരിപാടിയിലെ ഇരുവരുടെയും പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇരുവരെയും വിലക്കിയിരുന്നു. എന്നാല്‍ ഓംബുഡ്സ്മാന്റെ നിയമനം വൈകിയതോടെ ബിസിസിഐ ഇരുവരുടെയും വിലക്ക് നീക്കി.