ബേസല്‍: സ്വിസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഒളിമ്പിക് ചാമ്പ്യനെ മറികടന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ബി സായ് പ്രണീത് ഫൈനലില്‍ എത്തി. ശനിയാഴ്ച നടന്ന സെമിയില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പ്രണീത് പരാജയപ്പെടുത്തിയത് ചൈനയുടെ ലോക അഞ്ചാം നമ്പര്‍ താരം ചെന്‍ ലോങ്ങിനെയാണ്. സ്കോര്‍: 21-18, 21-13.
ചെന്‍ ലോങ്ങ് ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ മുന്നേറ്റം നടത്തിയെങ്കിലും പ്രണീത് മിക്ച്ച തിരിച്ചുവരവാണ് നടത്തിയത്. ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാല്‍ രണ്ടാം ഗെയിമില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ പ്രണീത് മത്സരം 46 മിനിറ്റിനുള്ളില്‍ തീര്‍ക്കുകയായിരുന്നു.
ചെന്‍ ലോങ്ങിനെതിരേ പ്രണീത് കഴിഞ്ഞ മൂന്നു തവണ മുഖാമുഖം വന്നിരുന്നു. എന്നാല്‍ ചെന്‍ ലോങ്ങിനെതിരേയുള്ള പ്രണീതിന്റെ ആദ്യ വിജയമാണിത്. പ്രണീത് ഈ വര്‍ഷം ആദ്യം നടന്ന ഇന്‍ഡൊനീഷ്യന്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്റിലും ഏപ്രിലില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ചൈനീസ് താരത്തോട് പരാജയപ്പെട്ടിരുന്നു. ഫൈനലില്‍ പ്രണീതിന്റെ എതിരാളി ചൈനീസ് താരം ഷി യുകിയാണ്.