കാനഡ: ഇന്ത്യയുടെ ലക്ഷ്യ സെന്നിന് ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. മുന്‍ ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരമായ ലക്ഷ്യ സെന്‍ പത്തൊന്‍പതു വയസ്സിന് താഴേയുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ സെമിയില്‍ അടിതെറ്റി വീഴുകയായിരുന്നു.
ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയത് ഒന്നാം സീഡ് ഡെന്മാര്ക്കിന്റെ കുന്‍ലവട്ട് വിദിത്സാണ് ആണ്. ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍: 20-22, 21-16, 21-13 എന്നിങ്ങനെയായിരുന്നു. മത്സരം ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്നു.
ലക്ഷ്യ സെന്‍ ഇതാദ്യമായാണ് ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. ടൂര്‍ണമെന്റില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം കൂടിയായിരിക്കുകയാണ് ലക്ഷ്യ. ഈ വര്‍ഷം ബ്യൂണസ് ഏറീസില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ വെള്ളി നേടിയതിനുശേഷമുള്ള ലക്ഷ്യ സെന്നിന്റെ ഏറ്റവും മികച്ച നേട്ടമാണിത്.
പതിനേഴുകാരനായ ലക്ഷ്യ സെന്‍ ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ്. 2008ല്‍ ഇന്ത്യയുടെ സൈന നേവാള്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു.ലക്ഷ്യ സെന്‍ നിലവിലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ കൂടിയാണ്. ഈ നേട്ടം കൈവരിച്ച മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധു മാത്രമാണ്.