തിരുവനന്തപുരം: പെട്രോള്‍ തീര്‍ന്നാല്‍ ഇനിമുതല്‍ വണ്ടി വഴിയില്‍ ഇട്ട് പെട്രോള്‍ പമ്പ് തേടി അലയേണ്ട. ഒരൊറ്റ ഫോണ്‍കോള്‍ കൊണ്ട് പെട്രോള്‍ പമ്പ് നിങ്ങളെ തേടി എത്തും. സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.
കേരളത്തില്‍ മലപ്പുറത്താണ് പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി 6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാറ്റയുടെ ആള്‍ട്ര 0104 ടാങ്കര്‍ലോറി കഴിഞ്ഞ ദിവസം മലപ്പുറത്തെത്തി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയാണ് ടാങ്കര്‍ ലോറി നിരത്തിലെത്തുന്നത്.
ഓണ്‍ലൈന്‍ വഴിയായിരിക്കും പമ്പ് പ്രവര്‍ത്തിക്കുക. ഇതിനായി റീ പോസ് എന്ന കമ്പനി രൂപകല്പന ചെയ്ത പ്രത്യേക ആപ്പും സഹായത്തിനായി ഉണ്ടാകും. ഈ ആപ്പ് വഴിയായിരിക്കും ഇന്ധനവില്‍പ്പന. ഇതിന്റെ പണം ഓണ്‍ലൈന്‍ വഴി അടക്കാം.
പെട്രോള്‍ പമ്പ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കാം. പുണെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.