പയ്യന്നൂര്‍: മ്യൂസിക് സിസ്റ്റം, എയര്‍ഹോണുകള്‍ തുടങ്ങിയവ അഴിച്ചുമാറ്റാതെ സര്‍വ്വീസ് നടത്തിയ 60 ബസ്സുകള്‍ക്കെതിരെ കേസ്. പയ്യന്നൂര്‍, തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡുകളില്‍ ചൊവ്വാഴ്ച മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് 60 ഓളം ബസ്സുകള്‍ക്കെതിരെ കേസെടുത്തത്.
മ്യൂസിക് സിസ്റ്റവും എയര്‍ഹോണും ഉപയോഗിക്കുകയും സീറ്റുകള്‍ സംവരണം ചെയ്ത് നീക്കിവെക്കാത്തതുമായ ബസ്സുകള്‍ക്കെതിരെയാണ് മോട്ടാര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. മോട്ടോര്‍ വാഹനവകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തുന്നതിന് സേഫ് കേരള പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു ബസുകളില്‍ മിന്നല്‍ പരിശോധന.
അമിതശബ്ദത്തില് പാട്ട് വെച്ച് ചീറിപ്പായുന്ന ബസുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്താന്‍ സാധ്യതയേറെയുള്ളതിനാലാണ് ഇത്തരം മ്യൂസിക് സിസ്റ്റവും എയര്‍ഹോണും അഴിച്ചുമാറ്റണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയത്. കാഴ്ചയ്ക്ക് തടസ്സമാകുന്ന തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അലങ്കാരങ്ങളും നീക്കംചെയ്യാനും നിര്‍ദേശമുണ്ട്.
അമിതവേഗത്തില്‍ സഞ്ചരിക്കുന്ന ബസുകള്‍ക്കെതിരെയും കേസെടുത്തു. ബസ്സില്‍ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റം, എയര്‍ഹോണുകള്‍ തുടങ്ങിയവ അഴിച്ചുമാറ്റി മൂന്നു ദിവസത്തിനകം അതത് ആര്‍ടി ഓഫീസുകളില്‍ പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.