പ്രധാനമായും യുവാക്കളെ ലക്ഷ്യമിടുന്ന യമഹയുടെ എംടി15 നേക്കഡ് സ്ട്രീറ്റ്ഫൈറ്റര്‍ ഇന്ത്യന്‍ നിരത്തിലെത്തി. അഗ്രസീവ് ലുക്കില്‍ എത്തിയ എംടി 15 മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ലഭ്യമാവുക. 1.36 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.
വിപണിയില്‍ അപ്പാച്ചെ ആര്ടിആര് 200, ബജാജ് പള്‍സര്‍ എന്‍എസ് 200 എന്നിവയാണ് യമഹ എംടി 15-ന്റെ പ്രധാന എതിരാളികള്‍. യമഹയുടെ സ്പോര്‍ട്സ് ബൈക്ക് ശ്രേണിയിലെ കുഞ്ഞനായ ആര്15 വി 3.0-യുമായി എംടി 15 ന് സാങ്കേതികമായി ഏറെ സമാനതകളുണ്ടെങ്കിലും കാഴ്ചയില്‍ സ്പോര്‍ട്ടി നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും ഇതില്‍ പ്രകടമായിരിക്കും.
ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, സ്പോര്‍ട്ടി റൈഡിങ് പൊസിഷന്‍, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവ യമഹയുടെ എംടി15 ന് മോടി കൂട്ടുന്നു. മൂന്നാംതലമുറ ആര് 15-ന് സമാനമാണ് എന്‍ജിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും.
MT 15 ന് കരുത്തേകുന്നത് 155സിസി സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് . ഈ എന്ജിന് 19 ബിഎച്ച്പി കരുത്തും 15 എന്‍എം ടോര്‍ക്കുമേകും. സിക്സ് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്കോപിക്കും പിന്നില്‍ മോണോഷോക്ക് സസ്പെഷനും. മുന്നില്‍ 267 എംഎം, പിന്നില്‍ 220 എംഎം ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും വാഹനത്തിലുണ്ട്.