കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് അടുത്തിടെ അവതരിപ്പിച്ച XUV 300 ന് വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ XUV 300ന്റെ ഇലക്ട്രിക് മോഡലും പുറത്തിറക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നു. S210 എന്ന കോഡ് നാമത്തിലായിരിക്കും ഇലക്ട്രിക് പതിപ്പ് ഇറങ്ങുകയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന് ഗോയങ്ക സൂചന നല്കി.
2020 ഓടെ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും XUV 300ന്റെയും നിര്‍മ്മാണം. സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക. ഒറ്റചാര്‍ജില്‍ പരമാവധി 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സ്റ്റാന്റേര്‍ഡ് മോഡലിന് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം ലോങ് റേഞ്ച് പതിപ്പില്‍ 350-400 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ക്കായി എല്‍ജി കെമിക്കല്‍സുമായി മഹീന്ദ്ര സഖ്യത്തിലായിരുന്നു. ഈ കൂട്ടുകെട്ടിലുള്ള 380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക് XUV 300 ക്ക് ഊര്‍ജം പകരുക.