വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 500 രൂപയോളം കുറയുന്നു. ഇന്‍ഷുറന്‍സ് പോളിസികളില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഉടമ-ഡ്രൈവര്‍ പ്രീമയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവ് വരുത്തിയതോടെയാണ് വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പെടെ അഞ്ഞൂറുരൂപയ്ക്കടുത്ത് കുറവുണ്ടാവുക. വാഹന ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതല്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായാണിത്.
ഇന്‍ഷുറന്‍സ് കമ്പനികളുടെ സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഏതാനും ദിവസംകൂടി പഴയനില തുടരും. ശേഷമാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ഐആര്‍ഡിഎഐ 15 ലക്ഷത്തിന്റെ ഉടമ-ഡ്രൈവര്‍ കവറേജിന് നിശ്ചയിച്ചിരുന്നത് പ്രീമിയം തുകയായി 750 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ 855 രൂപയാണ്. കഴിഞ്ഞ സെപ്തംബര്‍ 25 മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്.
എന്നാല്‍ പ്രീമിയം നിരക്ക് കുറയ്ക്കാനുള്ള സ്വാതന്ത്ര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട് അടുത്തിടെ ഐആര്‍ഡിഎഐ. ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനികള്‍ പ്രീമിയം കുറയ്ക്കുന്നത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ യുണൈറ്റഡ് ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷുറന്‍സ് എന്നിവ 275 രൂപയാണ് ഓണര്‍ ഡ്രൈവര്‍ കവറേജിന് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ 325 രൂപ. പൊതുമേഖലാ കമ്പനികളെ പിന്തുടര്ന്ന് സ്വകാര്യകമ്പനികളും നിരക്ക് കുറയ്ക്കുന്നുണ്ട്. പ്രീമിയം നിരക്കനുസരിച്ച് കുറയുന്ന തുക വ്യത്യാസപ്പെടാം.