ഏറെനാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് എഡിഷന് മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തി. 250 മോട്ടോര്‍സൈക്കിള്‍ എന്ന എണ്ണത്തില്‍ നിജപ്പെടുത്തിയായിരുന്നു ഈ ലിമിറ്റഡ് എഡിഷന് വാഹനം റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലിന് ഓണ്‍ലൈനില്‍ വില്പനയാരംഭിച്ച കമ്പനി 178 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വില്പന അവസാനിപ്പിച്ചു. ലോകവ്യാപകമായി ആകെ 1000 ലിമിറ്റഡ് എഡിഷന് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇറക്കുന്നത്. ഇതില്‍ 250 എണ്ണമാണ് ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ക്കായി നീക്കിവച്ചത്. വില: 2.4 ലക്ഷം രൂപ (ഓണ്‍ റോഡ്).
രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മി ഉപയോഗിച്ചിരുന്ന ഫ്ലൈയിംഗ് ഫ്ലീ എന്ന മോട്ടോര്‍സൈക്കിളിനോടുള്ള ആദരസൂചകമായിട്ടാണ് പെഗാസസ് എഡിഷന് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. ബ്രിട്ടീഷ് ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റിന്റെ സഹകരണത്തോടെയായിരുന്നു നിര്‍മാണം.
ഫ്ലൈയിംഗ് ഫ്ലീയെ അനുസ്മരിപ്പിക്കുംവിധം ബ്രൗണ്‍ കളര്‍ സ്കീം, ഫ്യൂവല്‍ ടാങ്കില്‍ പെഗാസസ് എംബ്ലവും നന്പറിംഗുമാണ് പ്രധാന പ്രത്യേകതകള്‍. കൂടാതെ, മിലിട്ടറി സ്റ്റൈല്‍ കാന്‍വാസ് പാനിയറുകള്‍, ബ്രൗണ്‍ ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍ തുടങ്ങിയവയുമുണ്ട്. 499 സിസി, 5 സ്പീഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.