തിരുവനന്തപുരം: ഒത്തുതീര്‍പ്പുവഴി ഫാന്‍സി നമ്പര്‍ അടിച്ചുമാറ്റുന്നവരെ വെട്ടിലാക്കി പുതിയ വാര്‍ത്ത. വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ലേലം ഓണ്‍ലൈനാക്കുന്നു. ഇതോടെ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നത് ഒഴിവാക്കാനാകും.
ഇതുവഴി നമ്പറിനുവേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ബന്ധപ്പെടാനോ തിരിച്ചറിയാനോ കഴിയില്ല. ഫാന്‍സിനമ്പര്‍ ബുക്ക്ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തുനിന്നുവേണമെങ്കിലും ഓണ്‍ലൈനില്‍ ലേലത്തില്‍ പങ്കെടുക്കാം.
ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഫാന്‍സി നമ്പര്‍ ലേലം കൂടുതല്‍ സുതാര്യമാകും. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ‘വാഹന്‍’ എന്ന സോഫ്റ്റ്വേറിലേക്ക് മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ മാറുന്നതോടെയാണ് പുതിയ രീതി നിലവില്‍ വരുന്നത്.
ലേലത്തില്‍ പങ്കെടുക്കാന്‍ ഓഫീസിലേക്ക് വരേണ്ടതില്ല, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനമാണിതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ പദ്മകുമാര്‍ പറഞ്ഞു.