ന്യൂയോര്‍ക്ക്: നീണ്ട കാലത്തെ വിജയഗാഥക്ക് ശേഷം ഫോക്സ്വാഗണ് കമ്പനി ബീറ്റില്‍ വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിലാണ് ഫോക്സ്വാഗണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനപ്രേമികളുടെ ഹരമാണ് ഇന്നും ബീറ്റില്‍. 70 വര്‍ഷത്തിന് ശേഷമാണ് ബീറ്റില്‍ വാഹനങ്ങള്‍ ഫോക്സ്വാഗണ് വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. 1938 ലാണ് ബീറ്റില്‍ നിരത്തിലെത്തുന്നത്. വാഹനപ്രേമികളുടെ ഹരമായ ബീറ്റില്‍ വാഹനങ്ങളുടെ നിര്‍മ്മാണം 2019 ജൂലൈ യോടെ അവസാനിപ്പിക്കും. അവസാനമായി വാഹനത്തിന്റെ പുതുക്കിയ രണ്ട് എഡിഷനുകളും കൂടി കമ്പനി ഇറക്കുന്നുണ്ട്. നിര്‍മ്മാണം നിര്‍ത്തിവെക്കുന്നത് തീര്‍ച്ചയായും ബീറ്റില്‍ പ്രേമികളില്‍ വിഷമമുണ്ടാക്കും.
ദി ബഗ്ഗെന്നും വിളിപ്പേരുള്ള ബീറ്റിലിന്റെ ആദ്യ രൂപം പുറത്തിറങ്ങിയത്1938ല്‍ നാസി ജര്‍മനിയിലാണ്. ഹിറ്റ്ലറിന്റെ ആവശ്യപ്രകാരം എന്‍ജിനീയറായ ഫെര്‍ഡിനാന്റ് പോര്‍ഷെയാണ് ഈ കുഞ്ഞന്‍ കാര്‍ രൂപകല്പന ചെയ്തത്. 2003ല്‍ മെക്സികോയിലാണ് ബീറ്റിലിന്റെ അവസാന മോഡല്‍ നിര്‍മിച്ചത്. ലോകത്താകെ 2.15 കോടിയോളം ബീറ്റില്‍ കാറുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണക്ക്.