ന്യൂഡല്‍ഹി: കേരളത്തിലെ ദുരന്തമുഖത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച സര്‍ക്കാരിനെയും മലയാളികളെയും അഭിനന്ദിച്ച് കേണ്‍ഗ്രസ് മുതിര്‍ന്ന് നേതാവ് എകെ ആന്റണി. പ്രളയകെടുതിയില്‍ നടത്തി വന്ന രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപനവും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തേയും കേരളത്തിന്റെ സ്വന്തം സൈന്യവുമായ മത്സ്യത്തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആ ചിന്ത പോലും തോന്നിക്കാത്ത വിധത്തില്‍ ദുരിതാശ്വസ ക്യാംപില്‍ സൗകര്യമൊരുക്കിയത് അതിലേറെ മികച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാംപുകളിലെ സൗകര്യങ്ങളെക്കുറിച്ച് ആര്‍ക്കും തന്നെ പരാതിയില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം വീട്ടിലുള്ളതിനേക്കാള്‍ മികച്ച സൗകര്യമാണ് ക്യാംപുകളിലുള്ളതെന്ന് പല അന്തേവാസികളും തന്നോട് പറഞ്ഞതായും വെളിപ്പെടുത്തി.
എന്നാല്‍ ക്യാംപുകള്‍ പിരിച്ചുവിട്ടാല്‍ പോകാനിടമില്ലാത്ത അവസ്ഥയിലാണ് പലരുമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നവകേരളം പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത ആന്റണി പുനരധിവാസമാണ് ഇനി ശ്രദ്ധ കൊടുക്കേണ്ട വിഷയമെന്നും ചൂണ്ടിക്കാട്ടി. വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാകണം. കൃഷിസ്ഥലവും തൊഴിലും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും പുനരധിവാസ പദ്ധതികള്‍ നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മലയാളികളും അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നതായും ആന്റണി അറിയിച്ചു.