പ്രളയദുരിതങ്ങള്ക്കിടയില് വന്ന കാണിപ്പയ്യൂരിന്റെ വിഷുഫലം മലയാളികളെയെല്ലാം ചിരിപ്പിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ കേരളത്തില്‍ മഴ കുറയും. സംസ്ഥാനം വൈദ്യുതിക്ക് കടുത്ത ബുദ്ധിമുട്ട് നേരിടും എന്നൊക്കെയായിരുന്നു ജ്യോത്സ്യന്റെ പ്രവചനങ്ങള്‍. ട്രോളുകള്‍ കത്തിക്കയറിയതോടെ കാണിപ്പയ്യൂര്‍ തന്നെ വിശദീകരണവുമായി വരേണ്ടി വന്നു.
38 വര്‍ഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് താനെന്നും ഇത്തരമൊരു അനുഭവം ആദ്യമാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ജ്യോതിഷശാസ്ത്രത്തിന് തെറ്റുപറ്റാറില്ല, തനിക്ക് അബദ്ധം പറ്റിയെന്ന് വിചാരിച്ചാല്‍ മതി. മനുഷ്യരല്ലേ , തെറ്റുകള്‍ സ്വാഭാവികമല്ലേ. ശാസ്ത്രം തെറ്റാണെന്ന പ്രചരണം ശരിയല്ല. ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇപ്പോള്‍ എന്നായിരുന്നു കാണിപ്പയ്യൂരിന്റെ വാദങ്ങള്‍.
എന്നാല്‍ കാണിപ്പയ്യൂരിന്റെ വിശദീകരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിലപോയില്ല എന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. സൂര്യാ ടിവി പുറത്തു വിട്ട കാണിപ്പയ്യൂരിന്റെ മറ്റൊരു വീഡിയോയാണ് ട്രോളന്മാരെ പ്രലോഭിപ്പിച്ചിരിക്കുന്നത്. ഉത്രാടനാളില്‍ കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരി അവതരിപ്പിക്കുന്ന ഒരു വര്‍ഷത്തെ ഫലത്തിന്റെ പ്രോമോയാണ് ഇപ്പോള്‍ സംസാരം.