കണ്ണൂര്‍: നാടിനെ നടുക്കിയ പിണറായി കൂട്ടകൊലകേസില്‍ താന്‍ നിരപരാധിയാണെന്നും, ആരെയും കൊന്നിട്ടില്ലെന്നും സൗമ്യയുടെ ആത്മഹത്യാകുറിപ്പ്. ഇന്ന് കാലത്താണ് കൂട്ടകൊലപാതക കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതി സൗമ്യ തൂങ്ങി മരിച്ചത്. ‘തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ആരും കുറ്റക്കാരല്ല. കുടുംബം തന്നെ ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല. ‘ എന്നിങ്ങനെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്.
എനനാല്‍ മരിച്ച സൗമ്യയുടെ മൃതദേഹം ഏറ്റു വാങ്ങാന്‍ വരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിട്ടും ഇതുവരെയും ആരും തിരിഞ്ഞു നോക്കിയട്ടില്ല. അനാഥയായി മോര്‍ച്ചറിയില്‍ കിടക്കുകയാണ് സൗമ്യ. ജയിലില്‍ നിന്നും കണ്ടെടുത്ത സൗമ്യയുടെ ഡയറിയിലും താന്‍ നിരപരാധിയാണെന്ന് എഴുതിയിട്ടുണ്ട്. മകളെ അഭിസംബോധന ചെയ്ത് എഴുതിയ ഡയറിയിലും ഇതേ വാചകങ്ങളാണ് ആവര്‍ത്തിച്ചിരിക്കുന്നത്.
റിമാന്റില്‍ കഴിഞ്ഞിരുന്ന സൗമ്യയെ രാവിലെ ഒന്‍പതരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൗമ്യയുടെ തൂങ്ങി മരണത്തോടെ കേസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന് (80), അമ്മ കമല (65) ഒന്‍പതും ആറും വയസ്സുള്ള രണ്ട് പെണ്മക്കള് എന്നിവരെ കൊലപ്പെടുത്തിയ ശേഷം കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സൗമ്യയുടെ ശ്രമം.
ഛര്‍ദിയെത്തുടര്‍ന്നാണ് പടന്നയില്‍ സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന്(80) അമ്മ കമല(65), ഒന്‍പതും ആറും വയസ്സുള്ള രണ്ടു പെണ്മക്കള് എന്നിവര്‍ മരിച്ചത്. 2012 ലായിരുന്നു ഇളയ മകള്‍ കീര്‍ത്തനയുടെ മരണം. ഒരേ ലക്ഷണങ്ങളോടെ തുടര്‍ മരണങ്ങള് ഉണ്ടായ സാഹചര്യത്തിലാണ് ബന്ധുക്കള്‍ പോലീസില്‍ സമീപിച്ചത്. ഇതിനിടെ, സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ദുരൂഹത ബലപ്പെടുകയായിരുന്നു.