കൊച്ചി: ദുരിതാശ്വാസ ക്യാമ്പ് കല്ല്യാണ വീടായി, എല്ലാവരും ഒന്നിച്ചുചേര്‍ന്നപ്പോള്‍ പുഞ്ചിരിയുമായി സബിന കതിര്‍മണ്ഡപത്തിലേക്ക് മണവാട്ടിയായി ഒരുങ്ങിയെത്തി. പ്രളയം ജീവിതത്തെ തകര്‍ത്തെറിഞ്ഞെങ്കിലും തളരാതെ പുതുജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് പറവൂര്‍ തത്തപ്പള്ളി സ്വദേശികളായ സബിനയും സുബിഷും.
നിശ്ചയിച്ച ദിവസം തന്നെ സബിനയുടെയും സുബിഷിന്റെയും വിവാഹം നടത്തി. പറവൂര്‍ തത്തപ്പള്ളിയിലെ ബംഗ്ലാവുപടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് നാട്ടുകാരുടെ സഹകരണത്തോടെ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തിയത്.
നേരത്തെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഒരു ബന്ധു മരിച്ചതു മൂലം അന്ന് നടന്നിരുന്നില്ല. തുടര്‍ന്ന്, ഇന്നത്തേക്ക് വിവാഹം മാറ്റി വെയ്ക്കുകയായിരുന്നു. ഇതിനിടയിലെത്തിയ പ്രളയം എല്ലാത്തിനെയും മാറ്റിമറിച്ചു. എന്നാല്‍, വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടക്കട്ടെയെന്ന് നാട്ടുകാരും കൂട്ടുകാരും തീരുമാനിച്ചതോടെ ദുരിതാശ്വാസ ക്യാംപില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളായി.
സദ്യവട്ടങ്ങള്‍ ഒരുക്കാന്‍ ക്യാംപ് മുഴുവന്‍ ഉണര്‍ന്നിരുന്നു. രാവിലെ തന്നെ അമ്പലത്തിലെത്തി സുബീഷ് സബിനയുടെ കഴുത്തില്‍ താലികെട്ടി. ക്യാംപിലാണ് എല്ലാവര്ക്കും സദ്യയൊരുങ്ങുന്നത്. നാട്ടുകാരുടെയും കൂട്ടുകാരുടെയും സഹകരണത്തോടെ വിവാഹം നടന്നതില്‍ സന്തോഷമുണ്ടെന്ന് സുബീഷ് പറയുമ്പോഴും നാടിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും പറയുന്നു.