കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ അബദ്ധത്തിലെത്തിയത് കോടിക്കണക്കിന് രൂപ. ബീഹാറിലാണ് സംഭവം. മുസാഫര്‍പൂര്‍ ജില്ലയിലെ സിങ്കാറി എന്ന സ്ഥലത്തെ റാം ബഹദൂര്‍ ഷാ എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് 52 കോടി രൂപയോളം എത്തിയത്. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തുന്നത് ബിഹാറില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്.
തന്റെ വാര്‍ധക്യ കാല പെന്ഷന് അക്കൗണ്ടിലെത്തിയോ എന്നറിയാന്‍ ബാങ്കിലെത്തിയപ്പോഴാണ് ഷാ ഇക്കാര്യം അറിയുന്നത്. സിഎസ്പി ബാങ്കിലെ അക്കൗണ്ടാണ് ഷായ്ക്കുള്ളത്. ബാങ്ക് ഉദ്യോഗസ്ഥന് ഷായുടെ അക്കൗണ്ടില്‍ കയറി നോക്കിയപ്പോഴാണ് അമ്പരന്നത്.
അക്കൗണ്ടില്‍ ബാലന്‍സായി 52 കോടിയോളം രൂപ. സംഭവം വലിയ വാര്‍ത്തയായി. നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു. എന്നാല്‍ തന്റെ അക്കൗണ്ടിലെ തുകയുടെ കുറച്ചെങ്കിലും തനിക്ക് നല്‍കണമെന്നാണ് ഷാ പറയുന്നത്. ‘ഞങ്ങള്‍ കൃഷിയെടുത്ത് ജീവിക്കുന്ന പാവം ഗ്രാമവാസികളാണ്. കുറച്ച് പണം എനിക്ക് തരണമെന്നാണ് ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇനിയുള്ള കാലം എനിക്ക് കഷ്ടപ്പെടാതെ ജീവിക്കാമല്ലോ’.. എന്നാണ് ഷായുടെ വാക്കുകള്‍.
‘അച്ഛന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതോടെ ഞങ്ങള്‍ ചില പ്രശ്നങ്ങള്‍ നേരിടുകയാണഅ. ഞങ്ങള്‍ കര്‍ഷകരാണ്, സര്‍ക്കാരിന്റെ സഹായം വേണം. എങ്ങനെയാണ് അച്ഛന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്ന് അറിയില്ല, പക്ഷേ എത്തിയ പണത്തിന്റെ പലിശ അച്ഛന് നല്‍കണം. ഞങ്ങളുടെ തെറ്റല്ല, ബാങ്കിന്റെ തെറ്റാണ്’. ഷായുടെ മകന് സുജിത് പറയുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.